ആലുവ: രാജ്യാന്തര തലത്തില്‍ ഫോര്‍മുല വണ്‍ കാര്‍ റേസിംഗില്‍ പങ്കെടുക്കുകയെന്ന സ്വപ്നവുമായി മുന്നേറുകയാണ് ആലുവ കുട്ടമശേരി സ്വദേശി മുഹമ്മദ് റിദാഫ്. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ദേശീയ തലത്തില്‍ നടന്ന 13 ഗോ കാര്‍ട്ട് റേസിംഗില്‍ റിദാഫ് ജേതാവായിരുന്നു. കഴിഞ്ഞ മാസം നടന്ന ജെ.കെ. ഇന്‍ഡി കാര്‍ട്ടിംഗ് നാഷണല്‍ റേസിലും ഒന്നാമനായത് റിദാഫാണ്. പൂനയില്‍ നടന്ന പൂനെ കാര്‍ട്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അഞ്ച് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ വിജയിയായത്.ഫോര്‍മുല കാര്‍ റേസിംഗിന്റെ ആദ്യപടിയാണ് ഗോകാര്‍ട്ട് റേസ്. 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍ക്യൂട്ട് ട്രാക്കിലാണ് ഈ മത്സരം. കേരളത്തില്‍ ഇത് പശീലിക്കുന്നതിന് പ്രതേക സൗകര്യങ്ങളില്ല. ബിസിഎ പീനത്തോടൊപ്പം റേസിംഗിനോട് തോന്നിയ അഭിനിവേഷമാണ് റിദാഫിനെ ഗോ കാര്‍ട്ടിന്റെ അതിവേഗ ട്രാക്കിലെത്തിച്ചത്.
ഫോര്‍മുല വണ്‍ കാര്‍ റേസില്‍ രാജ്യാന്തര താരങ്ങളായ നരേന് കാര്‍ത്തികേയനും, ആദിത്യ പട്ടേലടക്കമുള്ളവര്‍ ഗോ കാര്‍ട്ട് റേസിംഗിലൂടെ വളര്‍ന്നവരാണ്. ബ്രസീലീയന്‍ ചാമ്പ്യന്‍ അയ്ട്ടോണ് സെന്നയാണ് റിദാഫിന്റ ഇഷ്ടതാരം. കുട്ടമശേരി കുഴിക്കാട്ടില്‍ അബ്ദുള്‍ കരീമിന്റെയും റഫീക്കയുടെയും മകനാണ് റിദാഫ്. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് തേടുകയാണ് ഈ താരം.