കോട്ടയം: തീവ്രവാദികൾക്ക് വാടകയ്ക്കെടുത്ത കാറുകൾ കൈമാറിയ സംഭവത്തിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയംപറന്പിൽ കെ.എ. നിഷാദ് (37) എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് അപേക്ഷ നൽകിയത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും, യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യാൻ എത്തും.
ഇതിനുശേഷമാവും കേസിൽ വിശദമായ അന്വേഷണം ഉണ്ടാകുക. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ നിർണായകമായ തുന്പ് ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്. വാഹനം വിറ്റ സ്ഥലം സംബന്ധിച്ചു പ്രതികളിൽനിന്നും മൊഴി ലഭിച്ചാൽ ഇവരെ തമിഴ്നാട്ടിൽ തെളിവെടുപ്പിനായി കൊണ്ടു പോകും.
തമിഴ്നാട്ടിലെ തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ നേതാവ് ഭായി നസീറിനാണു പ്രതികൾ കാറുകൾ മറിച്ചു നൽകിയതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുണ്‍ പറഞ്ഞു.