അമ്പലപ്പുഴ: മോട്ടോര്‍വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപമാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടുവഴിയില്‍ കാര്‍ പിടികൂടിയത്. കെഎൽ 35 എ 9966 രജിസ്ട്രേഷന് നമ്പരിലുള്ള ഫോക്സ് വാഗൺ പോളോ കാറാണ് രൂപമാറ്റം വരുത്തിയത്.
16.5 സെന്റിമീറ്റര്‍ ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെന്ഷന് 6 സെന്റിമീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകള്‍ക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേള്‍പ്പിക്കാൻ പ്രത്യേക സൈലന്‍സറും ഘടിപ്പിച്ചിരുന്നു.
കൂടാതെ സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകള്‍ മറികടന്ന് വാഹനത്തില്‍ സണ്‍ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപമാറ്റം വരുത്തി നിരത്തിലോടിച്ച കാര്‍ കഴിഞ്ഞ മാസം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനം പൂര്‍വസ്ഥിതിയിലാക്കാമെന്ന ഉറപ്പിന്മേല് മാപ്പപേക്ഷ എഴുതി നല്കിയ ശേഷമാണ് വാഹനം അന്നു വിട്ടു കൊടുത്തത്.
കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടെയാണ് വാഹനം ആര്‍ടിഒ പിടികൂടിയത്. വാഹനമോടിച്ചിരുന്ന ചേര്‍ത്തല സ്വദേശി കാളിദാസസന്റെ ലൈസന്‍സ് താത്കാലികമായി 3 മാസത്തേക്ക് റദ്ദ് ചെയ്തെന്നും ഇയാളിൽനിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആര്‍ടിഒ അറിയിച്ചു.
വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്തതായും ആര്‍ടിഒ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശശി.കെ.വര്‍മ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി.ജി ചന്തു, വരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കാര്‍ പിടികൂടിയത്.