മാനന്തവാടി: മോഷ്ടിച്ച കാറുമായി യുവാവും യുവതിയും നടത്തിയ പരാക്രമത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പത്തോടെ കുഴിനിലം ടൗണിൽ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ബൈക്കുകളിലുണ്ടായിരുന്ന അഭിജിത്ത്(29), സാജു(45) എന്നിവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസും നാട്ടുകാരും ചേർന്ന് തലപ്പുഴ 44 ൽ വെച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയും പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരേയും തന്ത്രപൂർവം പിടികൂടുകയുമായിരുന്നു.
പിന്നീട് തലപ്പുഴ പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ കാർ കളമശേരി സ്വദേശിയായ ഒരു പ്രഫസറിന്റെ ആണെന്നു കണ്ടെത്തി. യുവാവും യുവതിയും ഒരുമിച്ചാണ് മോഷണം നടത്തിയതെന്നാണ് സൂചന. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഒരു വർഷമായി ഈ യുവതി യുവാവിനോടൊപ്പമാണ് താമസിച്ചുവരുന്നതെന്നും സൂചനയുണ്ട്.
കാർ മോഷ്ടിച്ച ശേഷം ഇരുവരും വയനാട്ടിലെത്തുകയും തലശേരി ഭാഗത്തേക്ക് പോകുന്ന വഴി അപകടത്തിൽപ്പെടുകയുമായിരുന്നു. യുവാവിനെതിരെ മറ്റ് കേസുകൾ നിലവിലുണ്ടോയെന്നുള്ള കാര്യം വിശദമായി ചോദ്യം ചെയ്യലിലേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് വെളിപ്പെടുത്തി.
മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം സംഭവിച്ചതെന്നതിനാൽ പ്രതികളെ മാനനന്തവാടി പോലീസിന് കൈമാറിയിട്ടുണ്ട്. തലപ്പുഴ എസ്ഐ സി.ആർ. അനിൽകുമാറിനെ കൂടാതെ എസ്ഐ ഇ.ജെ. ചാക്കോ, എസ് സിപിഒമാരായ സുരേഷ്, നൗഷാദ്, സിപിഒ മാരായ റോബിൻ, റഹീം, സരിത്, ഹോംഗാർഡ് പൗലോസ്, ഡ്രൈവർ രതീഷ് എന്നിവരും നാട്ടുകാരുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.