തൃശൂർ: കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലെത്തി എൻഐഎയും തമിഴ്നാട് പോലീസും വിവരങ്ങൾ ശേഖരിച്ചു.
2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കാണാനാണ് സംഘം എത്തിയത്. നിലവിൽ വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്നു വിവരങ്ങൾ തേടുകയും ചെയ്തു.
ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്.
ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
അസറുദ്ദീനൊപ്പം സഹ്റാൻ ഹാഷിമുമായി മുബീൻ ബന്ധം പുലർത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അസഹറൂദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്നത്. നിലവിൽ ഈ പ്രതികളെല്ലാം വിചാരണ നേരിടുകയാണ്.
ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിനു സമാനരീതിയിൽ ദീപാവലിക്ക് സ്ഫോടനം നടത്താനാണോ മുബീൻ ലക്ഷ്യമിട്ടതെന്ന കാര്യം അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
മുബീന്റെ വീട്ടിൽനിന്നു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം ഈ നിലയിൽ നീങ്ങുന്നത്.
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിന്റെ അന്വേഷണ ചുമതല തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനാണെങ്കിലും എൻഐഎ അനൗദ്യോഗികമായി വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്.
ഇന്ന് അവർ ഔദ്യോഗികമായിതന്നെ കേസ് അന്വേഷണം ഏറ്റെടുക്കും എന്നാണ് സൂചന.