സ്വന്തം ലേഖകൻ
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം ഒരാൾ കൊല്ലപ്പെട്ട കാർ സ്ഫോടന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂർ ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു.
സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച പുലർച്ചെ നാലിനായിരുന്നു സ്ഫോടനം.
കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അതിൽ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം.
സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിനു സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്.
രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീടിനുസമീപത്തുനിന്ന് കിട്ടിയത്.ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് എന്തൊക്കെയോ സാധനങ്ങൾ എടുത്തു വയ്ക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു.
ഇതെന്താണ് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധവും ചാവേർ ആക്രമണ സാധ്യതയും അന്വേഷണ സംഘം സംശയിക്കുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്.
ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.കാർസ്ഫോടനത്തെ തുടർന്ന് 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തു.
അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തു.
ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ കഴിഞ്ഞദിവസം വൈകിട്ടോടെയാണ് പോലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്.
കാർസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂരിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സുരക്ഷയ്ക്കായി ദ്രുതകർമസേന കോയമ്പത്തൂരിൽ എത്തിയിട്ടുണ്ട്. കർശന പരിശോധനകൾ കോയമ്പത്തൂരിൽ തുടങ്ങിയിട്ടുണ്ട്.