കട്ടപ്പന: മൂന്നാർ-തേക്കടി സംസ്ഥാന പാതയിൽ പുളിയൻമല അപ്പാപ്പൻപടിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. ഭർത്താവിനും മകനും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
തൊടുപുഴ കീരികോട് പേണ്ടാനത്ത് പി.ഡി.സെബാസ്റ്റ്യന്റെ (റിട്ട.സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്) ഭാര്യയും വിദ്യാഭ്യാസവകുപ്പ് റിട്ട.സീനിയർ സൂപ്രണ്ടുമായ സൂസന്നാമ്മ (മോളി-60) ആണ് മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുണ്‍ (33) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുണിന്റെ ഭാര്യ ഡോ. ബ്ലസിയെ മുണ്ടിയെരുമ പിഎച്ച്സിയിൽ എത്തിച്ചശേഷം തൊടുപുഴയിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണു അപകടമുണ്ടായത്. ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി കാറിനു മുകളിലേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും കാറിന്റെ പിൻസീറ്റിലിരുന്ന സൂസന്നാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്ച മുന്‍പായിരുന്നു അരുണിന്റെ വിവാഹം. സംസ്കാരം ഇന്നു മൂന്നിന് മലങ്കര സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.