ഒരു കാര്‍ വാങ്ങണമെന്ന മോഹവുമായി ആക്രി കടയില്‍ ചെന്നുപെട്ടാല്‍ എങ്ങനെയുണ്ടാവും. എന്നാല്‍ പുതിയ കാര്‍ വാങ്ങാന്‍ ഷോറൂമില്‍ പോയി ഇങ്ങനെയൊരവസ്ഥ വന്നുപെട്ടിരിക്കുകയാണ് ബംഗളൂരുവിൽ ഒരു യുവാവ്. പരാതിയുമായി യുവാവ് സമൂഹമാധ്യമങ്ങളിലും എത്തിയിട്ടുണ്ട്.
ബംഗളൂരു സ്വദേശി ശരത് കുമാറാണ് 18.2 ലക്ഷം രൂപ നല്കി പുതിയ ടാറ്റാ നെക്സോണ്‍ കാര്‍ വാങ്ങി പറ്റിക്കപ്പെട്ടത്. എലഹങ്കയിലെ ടാറ്റാ മോട്ടോര്‍സ് ഷോറൂമില്‍ നിന്നാണ് ഇയാള്‍ പുതിയ കാര്‍ ബുക്ക് ചെയ്തത്. എന്നാല്‍ കൃത്യമായ ഗുണനിലവാര പരിശോധനകള്‍ ഒന്നും കൂടാതെയാണ് തനിക്ക് കമ്പനി കാര്‍ നല്‍തിയതെന്ന് യുവാവ് പറയുന്നു.
പുതിയ കാര്‍ പരിശോധിച്ചപ്പോഴാണ് ഹെഡ് ലൈറ്റിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതായും മുന്നിലെ ബമ്പറില്‍ പോറലുകളും വാതിലുകളുടെ റബര്‍ ബുഷുകളിലെ പ്രശ്നങ്ങളും പലയിടത്തായി വെല്‍ഡ് ചെയ്തിട്ടുള്ളതായും യുവാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങളെല്ലാം തകര്‍ന്നുപോയി എന്ന് പറഞ്ഞു കൊണ്ടാണ് യുവാവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കാര്‍ വാങ്ങി ഒരു മാസം കഴിഞ്ഞെങ്കിലും കമ്പനിയോ ഡീലറോ തന്റെ പരാതി പരിഹരിക്കാന്‍ യാതൊരു നടപടിയും ചെയ്യുന്നില്ലെന്നും അവര്‍ക്ക് ഈ കാര്‍ ഞാന്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഇയാള്‍ പരാതിപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ യുവാവിനോട് ടാറ്റ ക്ഷമ ചോദിക്കുകയും ഇമെയിൽ വിലാസം നല്കാന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ കമ്പനി സിഇഓയോടും കര്‍ണാടക സോണല്‍ മാനേജറോടും ചര്‍ച്ച നടത്തുന്നുണ്ടെന്നും ഇതില്‍ താന്‍ തൃപ്തനല്ലെന്നുമാണ് യുവാവ് നല്കിയ മറുപടി. വൈകാതെ പ്രശ്നം കോടതി മുറിയിലേക്ക് നീളുമെന്നാണ് യുവാവ് മുന്നറിയിപ്പ് നല്‍കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.