കോഴിക്കോട്: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെയും സുഹൃത്തുക്കളേയും ഇന്നോവകാറിലെത്തി ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തടിയന്റവിട നസീറിന്റെ സഹോദരനെ മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നെടുമ്പാശേരി വിമാനതാവളം വഴി കള്ളകടത്ത് നടത്തി കാറില്‍ കൊണ്ടുപോയ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ തൃശൂര്‍ പോലീസ് കഴിഞ്ഞ ദിവസം നസീറിന്റെ സഹോദരനെ അറസ്റ്റ് ചെയ്തിരുന്നു.
തൃശൂര്‍ പോലീസുമായി ബന്ധപ്പെട്ട് കോടതി വഴി മെഡിക്കല്‍കോളജ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണുദ്യേശിക്കുന്നത്. സംഭവത്തിനു പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റ് ചെയ്ത അജീഷ് അഭിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തടിയന്റവിട നസീറിന്റെ സഹോദരനിലേക്ക് അന്വേഷണം എത്തിയത്.
അതേസമയം മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. തൃശൂരിലെത്തി പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികളെല്ലാം ഒളിവില്‍ പോയത്. അജീഷിനെ പിടികൂടി മൂന്നു ദിവസമായിട്ടും മറ്റു പ്രതികളെ കണ്ടെത്താനുള്ള കാര്യമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടില്ല.
ബംഗളുരു സ്ഫോടന കേസ്, കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് തുടങ്ങി നിരവധി തീവ്രവാദ കേസുകളില്‍ പങ്കുള്ള തടിയന്റവിട നസീറിന്റെ സഹോദരന് പങ്കുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. നസീറിന്റെ സഹോദരന് കോഴിക്കോട് മെഡിക്കല്‍കോളജ് സ്റ്റേഷന് പരിധിയിലുള്ള ലോഡ്ജില്‍ താമസിച്ചിട്ടും അറിയാതെ പോയതും പോലീസിന്റെ ഗുരുതര വീഴ്ചയായാണ് കാണുന്നത്.
തീവ്രവാദ കേസുകളുടെ നടത്തിപ്പിനും മറ്റും ഫണ്ട് കണ്ടെത്തുന്നതിന് കവര്‍ച്ച നടത്താനുള്ള സാധ്യതയുണ്ടെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാറാണെന്ന് തെറ്റിദ്ധരിച്ച് മുക്കം സ്വദേശിയായ മുഹമ്മദ് ജംനാസ് സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയെടുത്തത്.
പൊറ്റമ്മല്‍ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം കോഴിക്കോട് ഭാഗത്തേക്കു വരുന്നതിനിടെയാണ് മുക്കം കുമാരനല്ലൂര്‍ മമ്പാട്ട് വീട്ടില്‍ മുഹമ്മദ് ജംനാസും സുഹൃത്തുക്കളും ആക്രമണത്തിനിരയായത്. തട്ടിയെടുക്കപ്പെട്ട കാര്‍ മണിക്കൂറുകള്‍ക്ക് ശേഷം അഴിഞ്ഞിലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.