ചെങ്ങന്നൂർ: വ്യാജ ലോജിസ്റ്റിക് കമ്പനിയുടെ പേരിൽ വാഹനങ്ങൾ കരാറിലെടുത്തു മറിച്ചു വിൽക്കുന്ന യുവാവ് പിടിയിൽ. പാലക്കാട് ചിറ്റൂർ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് വീട്ടിൽനിന്ന് എറണാകുളം കാക്കനാട് തേവയ്ക്കൽ പുത്തൻപുരയ്ക്കൽ ലൈൻ 48 -ൽ താമസിക്കുന്ന കാർത്തിക് (27) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത്.
ചെങ്ങന്നൂർ അങ്ങാടിക്കൽ തുണ്ടത്തുമലയിൽ ഉഷാ അനിൽ കുമാർ ചെങ്ങന്നൂർ പോലീസിൽ നൽകിയ പരാതിയെതുടർന്നാണ് അറസ്റ്റ്. ഉഷയുടെ മകൻ അഭിജിത് അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 30-ജെ 2075 എന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാൻ 26,000 രൂപ മാസ വാടകയ്ക്കു നവംബറിൽ കാർത്തിക് എടുത്തിരുന്നു.
എറണാകുളത്തുള്ള ഒരു ലോജിസ്റ്റിക് സർവീസ് മാനേജിംഗ് കമ്പനിയുടെ ആവശ്യത്തിനെന്നു പറഞ്ഞായിരുന്നു വാഹനം ഇടപാടു നടത്തിയത്. അഡ്വാൻസ് തുകയായി 30, 000 രൂപ ഉടൻ കൈമാറുമെന്നും പ്രതിമാസയിനത്തിൽ വരുന്ന വാടക തുക ഉടമയുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നുമായിരുന്നു കരാറിലെ വാഗ്ദാനം.
എന്നാൽ, വാഹനം കൊണ്ടുപോയി മൂന്നുമാസം കഴിഞ്ഞിട്ടും അഡ്വാൻസ് തുകയും മാസവാടകയും നൽകാതിരുന്നതിനെതുടർന്ന് ഉടമ വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും ഓരോ ഒഴികഴിവുകൾ പറയുന്നതല്ലാതെ കാർത്തിക് വണ്ടി നൽകിയില്ല.
ഇതിനിടെ കാർത്തിക്കിനെ ബന്ധപ്പെടുത്തി സമാനമായ നിരവധി തട്ടിപ്പു വിവരങ്ങൾ പല സ്ഥലത്തുനിന്നുള്ളവരിൽ നിന്നുയർന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂരിലെ തട്ടിപ്പിനുശേഷം സമാന തട്ടിപ്പിൽ കൊല്ലം കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത കാർത്തിക്കിനെ കൊല്ലത്തു റിമാൻഡ് ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചു.
ഇതേതുടർന്നു ചെങ്ങന്നൂരിൽ തട്ടിപ്പിനിരയായ വാഹന ഉടമയുടെ അമ്മ ഉഷ അനിൽകുമാർ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഉഷയുടെ പരാതിയിൽ കേസെടുത്ത ചെങ്ങന്നൂർ പോലീസ് കൊല്ലത്തെ ജയിലിൽ എത്തി കാർത്തിക്കിന്റെ അറസ്റ്റു രേഖപ്പെടുത്തി തെളിവുപ്പിനായി ചെങ്ങന്നൂരിലെത്തിച്ചു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി നൽകിയ സൂചന പ്രകാരം നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ തൃപ്രയാറിൽ നിന്ന് ബുധനാഴ്ച രാത്രി വാഹനം കണ്ടെത്തി. ചെങ്ങന്നൂരിൽ നിന്നു വാടകക്കരാറിൽ കൊണ്ടുപോയ വാഹനം രണ്ടു ലക്ഷം രൂപയ്ക്ക് തൃപ്രയാറിൽ പണയപ്പെടുത്തിയിരിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ജയദേവ്, ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു, സബ് ഇൻസ്പെക്ടർ എൻ. രാജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.