ബാബു ചെറിയാൻ
കോഴിക്കോട്: റെന്റ് എ കാർ സ്ഥാപനത്തിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന “സ്പാൻ കാർ’ എന്ന റെന്റ് എ കാർ സ്ഥാപനത്തിന്റെ ഉടമകളായ തൃശൂർ പുറനാട്ടുകര സ്വദേശി ചാത്തകൂടത്ത് വീട്ടിൽ സി.എ.ജിനീഷ്( 35), തൃശൂർ ഈസ്റ്റ്ഫോർട്ട് കിഴക്കുംപാട്ടുകര സ്വദേശി രേവതി നിവാസിൽ വി.എം.സിനോയ്( 37) എന്നിവർക്കെതിരേ ആലുവ ബിനാനിപുരം പോലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു.
നൂറോളം ആഡംബര കാറുകൾ തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇവയിൽ ഇരുപതോളം കാറുകൾ മലപ്പുറം, മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് കാർ ഉടമകളുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു.ആറു മുതൽ 35 ലക്ഷം രൂപവരെ വിലവരുന്ന കാറുകൾ ഇവിടങ്ങളിൽ പണയത്തിന് വച്ചിരിക്കുകയായിരുന്നു. ഒരുലക്ഷം മുതൽ മൂന്നുലക്ഷം രുപവരെയാണ് ഇവർ സ്വകാര്യ ബാങ്കുകളിൽ നിന്ന് പണയമിനത്തിൽ കൈപ്പറ്റിയത്.
പ്രതിമാസം നിശ്ചിത തുക ഉടമയ്ക്ക് നൽകുമെന്ന കരാറിലാണ് ഇവർ ഒരു വർഷം മുൻപ് കാറുകൾ കൈക്കലാക്കിയത്. ഇതുവരെ പ്രതിമാസ തുക കൃത്യമായി ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ഇൻഷ്വറൻസ് പുതുക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഉടമകളിൽ നിന്ന് വാഹനത്തിന്റെ ആർസികൾ കൈക്കലാക്കിയത്.
ഇവർ വാടകയ്ക്കെടുത്ത കോഴിക്കോട് സ്വദേശി അരുൺ ടി.ജോയിയുടെ കാർ ഇതിനിടെ ചെറിയ അപകടത്തിൽ പെട്ടിരുന്നു. ഇതിന്റെ ഇൻഷ്വറൻസ് ക്ളെയിം ചെയ്യാനെന്ന പേരിലാണ് അരുണിൽനിന്ന് ആർസി കൈക്കലാക്കിയത്. ആർസി തട്ടിയെടുക്കുന്നതിനായി അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്നു സംശയിക്കുന്നു.
കാറുകൾ വാടകയ്ക്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലടക്കം മറിച്ചുവിൽക്കുന്ന അന്തർസംസ്ഥാന സംഘവുമായി സിനോയിക്കും ജിനീഷിനും ബന്ധമുണ്ടെന്നാണ് നിഗമനം. കാറുടമകൾ സ്ഥാപനനടത്തിപ്പുകാരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. നഷ്ടപ്പെട്ട കാറുകൾ വീണ്ടെടുക്കുന്നതിനായി ഉടമകളുടെ സഹായത്തോടെ പോലീസ് സ്വകാര്യ ബാങ്കുകളിലും വാഹനം പൊളിച്ചുവിൽക്കുന്ന കേന്ദ്രങ്ങളിലും അന്വേഷണം നടത്തിവരികയാണ്.