പഴയങ്ങാടി: കാർ വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റ കേസിൽ ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മയ്യിൽ ചെറുപഴശി സ്വദേശി വാജിഹുദ്ധീനെ (32)യാണ് കണ്ണപുരം എസ്ഐ വി.സി. അനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെറുകുന്ന് താവം സ്വദേശിയായ കെ.വി. അജീഷിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.കെ. 4365 നന്പർ കാർ 2020 ജൂലൈയിൽ വാടകയക്ക് എടുത്ത ശേഷം തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു.
തുടർന്ന് ഉടമ നടത്തിയ അന്വേഷണത്തിൽ വ്യാജരേഖ ചമച്ച് കാർ വിൽപന നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ ഉടമ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആസൂത്രിതമായി നടത്തിയ നീക്കതത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ തട്ടിക്കൊണ്ടു പോകലിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്ഐ റഷീദ് നാറാത്ത്, സി പിഒമാരായ ജിതിൻ, ശരത്ത് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.