മാറനല്ലൂർ: മേലാരിയോട്ടിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവാ കാർ മോഷണം പോയി. കാർ ഓടയിൽ കുടുങ്ങിയതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനം ഇന്നലെ രാവിലെ ഏഴോടെ ജിപിആർഎസ് സംവിധാനത്തിന്റെ സഹായത്തോടെ കൂവളശേരി മഹാദേവർ ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തി.
വെള്ളയന്പലത്തെ കേരളാ ട്രാവൽസിന്റെ ഇന്നോവാ കാറാണ് ഓടയിൽ കുടിയതോടെ തിരികെ കിട്ടിയത്.
മേലാരിയോട് കാർത്തികാ നിവാസിൽ അശോകനാണ് വാഹനത്തിന്റെ ഡ്രൈവർ. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം വീട്ടിൽ കൊണ്ടുവരുന്ന കാർ മേലാരിയോട് ജംഗ്ഷന് സമീപം മണികണ്ഠന്റെ വീട്ടിന് സമീപത്താണ് പാർക്ക് ചെയ്യുന്നത്.
ശനിയാഴ്ച വൈകുന്നേരം കാർ പാർക്ക് ചെയ്ത ശേഷം അശോകൻ വിട്ടിലേക്ക് മടങ്ങിയെങ്കിലും ഇന്നലെ രാവിലെ കാറെടുക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ ട്രാവൽ ഏജൻസിയിൽ വിവരമറിയിച്ച അശോകന് ജിപിആർഎസ് സംവിധാനമുളള കാർ കൂവളശേരിക്ക് സമീപം ഉണ്ടെന്ന വിവരം ട്രാവലേജൻസി കൈമാറി.
തുടർന്ന് മാറനല്ലൂർ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കാർ ഓടയിൽ കുടുങ്ങി തെങ്ങിലിടിച്ച് ഉപേക്ഷിച്ച നിലയിൽ കൂവളശേരിയിൽ കണ്ടെത്തുകയായിരുന്നു. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന നിലയിലാണ്. എന്നാൽ ശനിയാഴ്ച 11.30 ന് കാർ ഒരാൾ അമിത വേഗതയിൽ ഓടിച്ച് പോകുന്നത് നാട്ടുകാർ കണ്ടതായി പറയുന്നുണ്ട്.