വടകര: റോഡരികിൽ നിർത്തിയ കാറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിട്ട പോലീസ് നടപടി വിവാദത്തിൽ. ഇന്നലെ സന്ധ്യക്കു കോട്ടപ്പറന്പ്-റെയിൽവെ സ്റ്റേഷൻ റോഡിൽ നിർത്തിയ കാറിന്റെ ടയറുകളാണ് തൊട്ടടുത്ത ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരൻ അഴിച്ചുവിട്ടത്. നാലു ടയറുകളിലേയും കാറ്റ് ഒഴിവാക്കിയതിനാൽ കാർ എടുക്കാനാവാതെ യാത്രക്കാർ കുഴങ്ങി.
ഇതു സംബന്ധിച്ച് കാർ ഉടമ ഇരിങ്ങൽ കാട്ടുകുറ്റിയിൽ ഷെർളി വടകര പോലീസിൽ പരാതി നൽകി. ഇവരുടെ കെഎൽ 60 എഫ് 9450 ഡിസയർ കാറിനു നേരെയാണ് അതിക്രമം.സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വടകരയിൽ ഷോപ്പിംഗിന് എത്തിയ അവസരത്തിൽ ഡിവൈഎസ്പി ഓഫീസിനും സിഎസ്ഐ പള്ളിക്കും ഇടയിലാണ് കാർ നിർത്തിയത്.
സമീപത്തെ കടയിൽ നിന്നു സാധനങ്ങൾ വാങ്ങി അരമണിക്കൂറിനുള്ളിൽ തിരിച്ചുവരുന്പോഴേക്കും നാലു ടയറുകളിലേയും കാറ്റ് അഴിച്ചുവിട്ട നിലയിലായിരുന്നു. ഇക്കാരണത്താൽ ഒന്‍പതര വരെ ഇവർക്ക് നിസഹായരായി നിൽക്കേണ്ടിവന്നുവെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് ഡിവൈഎസ്പി ഓഫീസിലെ പോലീസുകാരനാണ് ഇത് ചെയ്തതായി അറിയുന്നത്. ഇവിടെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടൊന്നുമില്ല. മാത്രമല്ല ഈ വഴി മെയിൻ റോഡുമല്ല. വീതി കുറഞ്ഞ റോഡിൽ കാർ നിർത്തിയതിനാൽ ട്രാഫിക് ജാമായിട്ടുണ്ടാവും.
പക്ഷേ നാലു ടയറുകളിലേയും കാറ്റ് അഴിച്ചുവിട്ട നടപടി ക്രൂരമായിപ്പോയെന്നാണ് ആക്ഷേപം. കാറ്റ് അഴിച്ചുവിട്ട കാരണത്താൽ മണിക്കൂറുകളോളം വാഹനം അതേസ്ഥലത്ത് കിടക്കുകയായിരുന്നു. ഇക്കാര്യം പോലും മനസിലാക്കാതെ കാർ യാത്രക്കാരോടു രോഷം തീർത്ത പോലീസുകാരന്റെ നടപടി മനുഷ്യത്വരഹിതമായെന്നു നാട്ടുകാർ കുറ്റപ്പെടുത്തി. വേറൊരു കാറിനു നേരെയും ഇതേ അതിക്രമം കാണിച്ചതായി വിവരമുണ്ട്.