കല്യാശേരി: കല്യാശേരി ടൗണിൽ ദേശീയപാതയോരത്ത് ഒന്നരമാസമായി കാർ മാറ്റി തരാമോ എന്ന് ചോദിക്കുകയാണ് വ്യാപാരികൾ. കല്യാശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം തകരാറിനെ തുടർന്ന് നിർത്തിയിട്ടതായിരുന്നു വളപട്ടണം സ്വദേശി നാരായണൻ നമ്പ്യാരുടെ മാരുതികാർ. നിർത്തിയിട്ട കാറിൽ രാത്രി ഏതോ വാഹനമിടിച്ചതോടെ കാറിന്റെ മുൻവശം പൂർണമായും തകർന്നു. പിന്നെ കാർ മാറ്റാൻ കഴിയാതെ കടകൾക്കു മുന്നിൽ ദുരിതമായി കിടന്നു.
കാറിന്റെ സ്റ്റീരിയോ ഉടമ തന്നെ അഴിച്ചുമാറ്റി. അറ്റകുറ്റപ്പണി നടത്താൻ പണമില്ലാത്തതിനാലാണു കാർ കടയ്ക്കു മുന്നിൽ കിടക്കുന്നതെന്ന് കല്യാശേരിയിലെ വ്യാപാരികൾ പറഞ്ഞു. കാർ റോഡരികിൽ നിന്നു മാറ്റാത്തത് സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായിട്ടുണ്ട്. കാർ മാറ്റാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ സംഘടനയായ പാപ്പിനിശേരി ടൈംസും കളക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.