എൻ.എം
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പെൺകുട്ടിയെ പബ്ബിനുള്ളിൽവച്ചു തന്നെ പ്രതികൾ സ്കെച്ച് ചെയ് തിരുന്നു വെന്ന് പോലീസ്. പിന്നീട് പ്രതികൾ തന്ത്രത്തിൽ പെൺകുട്ടിയെ പരിചയപ്പെട്ടു.
തുടർന്ന് പബ്ബിനു വെളിയിലെത്തിയ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് ആഡംബരകാറിൽ കയറ്റി പ്രതികൾ കൊണ്ടുപോയത്.
ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പബ്ബിലെത്തിയത്.
ആൺ സുഹൃത്ത് പോയതിനുശേഷമാണ് വൈകിട്ട് അഞ്ചരയോടെ പെൺകുട്ടിയുടെ അടുത്തേക്ക് പ്രതികൾ എത്തിയതും സഹായവാഗ്ദാനം നൽകിയതും.
എല്ലാവരും പിടിയിൽ
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ ആഡംബര കാറിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ) എംഎൽഎയുടെ മകൻ അടക്കമുള്ളവർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
കേസിൽ ആകെ ആറു പ്രതികളാണ് ഉള്ളത്. ആറുപേരും പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ അഞ്ചുപേർ പ്രായപൂർത്തി ആകാത്തവർ ആണ്.
സദുദ്ദീൻ മാലിക്ക്(18) മാത്രമാണ് പ്രായപൂർത്തിയായ ആൾ. പ്രായപൂർത്തി ആകാത്ത പ്രതികളിൽ ഒരാൾ എഐഎംഐഎം എംഎൽഎയുടെ മകനും മറ്റൊരാൾ എംഎൽഎയുടെ ബന്ധുവുമാണെന്നാണ് പുറത്തുവരുന്ന വിവരം.
മേയ് 28നാണ് പബ്ബിൽനിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങിയ 17കാരിയെ പ്രതികൾ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്.
ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ ആദ്യം കയറ്റിക്കൊണ്ടുപോയ കാറിൽനിന്ന് യാത്രാമധ്യേ മറ്റൊരു കാറിലേക്ക് പ്രതികൾ യുവതിയെ മാറ്റിയിരുന്നു.
തുടർന്ന് ജൂബിലി ഹിൽസിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പെൺകുട്ടിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്യുന്പോൾ പ്രതികൾ ഊഴം കാത്തും ആരെങ്കിലും വരുന്നുണ്ടോയെന്ന് പരിശോധിച്ചും കാറിനു പുറത്ത് മാറി മാറി നിന്നു.
ക്രൂരമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുശേഷം പെൺകുട്ടിയെ കയറ്റിയ പബ്ബിനു മുന്നിൽ തന്നെ രാത്രി 7.30ന് പ്രതികൾ ഇറക്കിവിട്ടു.
പിന്നീട് പെൺകുട്ടി പിതാവിനെ വിളിച്ചുവരുത്തുകയും താൻ ആക്രമിക്കപ്പെട്ട വിവരം അറിയിക്കുകയും ആയിരുന്നു. പിതാവാണ് പോലീസിൽ പരാതി നൽകിയത്.
കേസിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുടുംബത്തിലെ മക്കൾ ഉൾപ്പെട്ടതായി പുറത്തുവന്നതോടെ തെലങ്കാനയിൽ വലിയൊരു രാഷ്ട്രീയ പോരിന് ഈ കേസ് വഴിമാറി.
കേസുമായി ബന്ധപ്പെട്ട രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. രണ്ടാമത്തെ വാഹനം മൊയ്നാബാദിലെ ഫാംഹൗസിൽനിന്നാണ് കണ്ടെടുത്തത്.
ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയിൽ ഉളളതാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ബിജെപി എംഎൽഎ രഘുനന്ദൻ റാവു പീഡനത്തിനിരയായ പെൺകുട്ടിയുടെയും പ്രതികളുടെയും വീഡിയോ ക്ലിപ്പും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
തലയ്ക്ക് 1300രൂപ
നൂറോളം വിദ്യാർഥികൾ തലയ്ക്ക് 1300 രൂപ നൽകിയാണ് പബ്ബ് ബുക്ക് ചെയ്തത്. പബ്ബിൽ പ്രായപൂർത്തിയാകാത്തവർക്ക് എങ്ങനെ പ്രവേശനം ലഭിച്ചുവെന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അക്രമികളെന്ന് സംശയിക്കുന്നവർക്കൊപ്പം പെണ്കുട്ടി പബ്ബിന് പുറത്ത് നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തതോടെയാണ് പ്രതികളിലേക്ക് വേഗത്തിൽ പോലീസ് എത്തിയത്.
മിക്ക പ്രതികളും 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ്. പെൺകുട്ടിയെ ആക്രമിച്ചശേഷം കാർ വൃത്തിയാക്കി കഴുകിയെങ്കിലും ആവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഫോറൻസിക് വിദഗ്ധർ അറിയിച്ചിരുന്നു.