ഉത്തർപ്രദേശിലെ വാരാണസിയിലെ കാർഖിയാവിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ വന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
അപകടത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.