കൊച്ചി: കാറിടിച്ച് ബോണറ്റിലേക്ക് തെറിച്ചു വീണ യുവാവിനെ 400 മീറ്ററോളം മുന്നോട്ടുകൊണ്ടുപോയശേഷം സഡൻബ്രേക്കിട്ട് താഴെ വീഴ്ത്തി കാർ നിർത്താതെ പോയി. ഐഎൻടിയുസി എളമക്കര മണ്ഡലം പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ എളമക്കര പേരണ്ടൂർ കവുങ്ങുംകൂട്ടത്തിൽ കെ.എസ് നിഷാന്തി(33)നാണ് പരിക്കേറ്റത്. താഴെ വീണ നിഷാന്തിന്റെ കാലിലൂടെ ഇതേ കാറിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങിയതായും പരാതിയുണ്ട്.
വഴിയിൽ വീണ നിഷാന്തിനെ ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇടപ്പള്ളി ബൈപ്പാസിലെ സർവീസ് റോഡിൽ മരോട്ടിച്ചുവടിനു സമീപത്തായിരുന്നു സംഭവം. കാര്‍ ഓടിച്ച പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേല്പറമ്പില് നഹാസിനെ(19) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് നസീറിന്റെ പേരിലുള്ള കാര്‍ കസ്റ്റഡിയിലെടുത്തു.
നിഷാന്ത് സുഹൃത്തിന്റെ ഓട്ടോയിൽനിന്നിറങ്ങി റോഡരികിലൂടെ നടന്നുപോവുന്പോൾ പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ഇടിക്കുകയായിരുന്നു. നിഷാന്ത് ബോണറ്റിലേക്കു വീണപ്പോൾ കാർ നിർത്താനോ ഇയാളെ രക്ഷിക്കാനോ കാറിലുണ്ടായിരുന്നവർ തയാറായില്ല. ഇരു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിഷാന്ത് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബോണറ്റിൽ കിടക്കുന്ന നിഷാന്തിനെയുംകൊണ്ട് കാർ മുന്നോട്ടു നീങ്ങുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചു.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നതെന്ന് നിഷാന്ത് പറഞ്ഞു. കാറിന്റെ നന്പർ ശ്രദ്ധിക്കാനായില്ല. എന്നാൽ, വണ്ടിയോടിച്ചയാളുടെ മുഖം ഓർമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലതു കാലിന് ശസ്ത്രക്രിയ നടത്തിയ ശേഷം കന്പിയിട്ടിട്ടുണ്ട്. ശരീരത്തിൽ മറ്റിടങ്ങളിലും പരിക്കേറ്റിട്ടുണ്ട്. ടാക്സിയായി ഓടുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ഇടിച്ചതെന്ന് നിശാന്ത് പോലീസില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അപകടത്തിനിടയാക്കിയ കാര്‍ നന്നാക്കാനിടയുള്ള വര്‍ക്ക് ഷോപ്പുകളില്‍ അന്വേഷണം നടത്തി.
അപകടത്തില്‍ ഗ്ലാസുകള്‍ തകര്‍ന്ന കാര്‍ നന്നാക്കാനായി മാമംഗലത്തെ വര്‍ക്ക്ഷോപ്പില്‍ ഏല്പിച്ചിരുന്നു. ഇവിടത്തെ ജീവനക്കാരില്‍നിന്നാണ് കാര്‍ ഡ്രൈവറായ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഭീതിയില്‍ വേഗത്തില്‍ ഓടിച്ചതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.