
തൊടുപുഴ: അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് ഓടിയ കാറും ഉടമയെയും കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.
വെന്റിലേറ്ററിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ആംബുലൻസിന്റെ ഓട്ടത്തിനിടയിൽ മുക്കാൽ മണിക്കൂറോളമാണ് കാർ വാഹനത്തിനു മുന്നിൽ വിലങ്ങുതടിയായി മാറിയത്.
ആംബുലൻസ് ഉടമ തൊടുപുഴ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ.അനീഷാണ് ഇതു സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പിനു പരാതി നൽകിയത്. കാറിന്റെ നന്പർ സഹിതമാണ് അനീഷ് പരാതി നൽകിയത്.
കാറുടമയ്ക്കെതിരേയും കാറോടിച്ചിരുന്ന ആൾക്കെതിരേയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഇന്ന് നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുറവിലങ്ങാട് ചക്കാലമറ്റം സ്വദേശിയായ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പാലാ ബൈപാസിൽ ബ്രേക്ക് ഡൗണായി.
തുടർന്ന് അവിടെ സർവീസ് നടത്തുന്ന ഹരിത എന്ന ഐസിയു ആംബുലൻസിലേക്ക് മാറ്റി ആലുവ രാജഗിരി ആശുപത്രിയിലേക്ക് യാത്ര തുടർന്നു.
വൈകുന്നേരം ആംബുലൻസ് തൊടുപുഴ ടൗണ് പിന്നിട്ടപ്പോഴാണ് കാർ മുന്നിൽ വന്ന് ആംബുലൻസിനു മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയത്. കാർ ഹസാർഡ് ലൈറ്റ് തെളിച്ച് മുന്നിൽ വന്ന് മാർഗ തടസം സൃഷ്ടിച്ചു പോകുകയായിരുന്നു.
ഹോണും സൈറനും മുഴക്കി മറികടന്നു പോകാൻ ആംബുലൻസ് ശ്രമിക്കുന്പോഴൊക്കെ കാർ മുന്നിൽ നിന്നും മാറാതെ ഓടുകയായിരുന്നു.
ഇതിനിടെ കാറിൽ ആംബുലൻസ് ഇടിക്കാതിരിക്കാൻ ഒരിക്കൽ സഡൻ ബ്രേക്ക് ഇടേണ്ടി വന്നു. ആംബുലൻസിന്റെ മുന്പിലിരിക്കുകയായിരുന്ന രോഗിയുടെ ബന്ധുവിന്റെ തല വാഹനത്തിന്റെ മുന്നിലിടിച്ചു.
പെരുന്പാവൂർ സിഗ്നൽ ജംഗ്ഷനു മുന്പു വരെ കാർ മാർഗതടസം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ ആംബുലൻസിന്റെ മുന്പിലുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ ബന്ധു പെരുന്പാവൂർ പോലീസിനെ അപ്പോൾത്തന്നെ വിവരമറിയിച്ചിരുന്നു. ആശുപത്രിയിലെത്തി പോലീസ് ബന്ധുവിനോടും ആംബുലൻസ് ഡ്രൈവറോടും വിവരങ്ങൾ തിരക്കിയിരുന്നു.
കാഞ്ഞിരപ്പള്ളി രജിസ്ട്രേഷനിലുള്ള കെ.എൽ.34 സി. 2322 എന്ന കാറിന്റെ ഉടമയ്ക്കെതിരെയാണ് ആംബുലൻസ് ഉടമ പുതുപ്പരിയാരം മുട്ടത്തുശേരിൽ എം.കെ.അനീഷ് പരാതി നൽകിയത്.
സിസിടിവി ദൃശ്യങ്ങൾ സഹിതം തൊടുപുഴ ജോയിന്റ് ആർടിഒ ഓഫീസിൽ നൽകിയ പരാതി അന്വേഷണത്തിനായി കാഞ്ഞിരപ്പള്ളി ആർടിഒയ്ക്ക് കൈമാറി. തുടർന്നാണ് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ അന്വേഷണം ആരംഭിച്ചത്.