കൊച്ചി: മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. യുവ നടൻമാരിർ പലരും ലഹരിയുടെ പിടിയിലാണ് എന്ന ഗുരുതര ആരോപണമാണ് നിർമാതാക്കൾ ഉയർത്തിയിരിക്കുന്നത്.
താരങ്ങളുടെ ആഡംബര സൗകര്യങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന കാരവനുകൾ കേന്ദ്രീകരിച്ചാണ് ലഹരിയുടെ ഉപയോഗം കൊഴുക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. വീര്യം കൂടിയ എൽഎസ്ഡി ഉൾപ്പെടെയുള്ള ലഹരികളാണ് കാരവനുകളിൽ ഇരുന്ന് അഭിനേതാക്കൾ ഉപയോഗിക്കുന്നത്.
നടൻമാരെ കാരവന് അകത്തു കയറി കാണാൻ നിർമാതാക്കളെ പോലും പലപ്പോഴും അനുവദിക്കാറില്ല. പുറത്ത് കാത്തുനിന്ന് നടന്റെയും സഹായികളുടെയും അനുവാദം വാങ്ങിയ ശേഷം മാത്രമെ ഇവർക്കു പോലും കാരവന് അകത്തേക്ക് കയറാനാകൂ. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം കാരണം ചിലർ കൃത്യമായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ എത്താത്ത സാഹചര്യവുമുണ്ട്.
നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ കാരവനിൽ പരിശോധന നടത്തണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ആവശ്യപ്പെടുന്നത്. ലഹരി മൂത്ത് യുവ നടൻമാർ സെറ്റുകളിൽ നിന്ന് ഇറങ്ങിപ്പോകുന്പോൾ നിരവധി പ്രശ്നങ്ങൾ നിർമാതാക്കൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.
കഞ്ചാവിനേക്കാൾ വീര്യം കൂടിയ എൽഎസ്ഡി പോലുള്ള മയക്കുമരുന്നാണ് പലരും ഉപയോഗിക്കുന്നതെന്ന് ഇവർ സംശയിക്കുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നതായി അഭിനേതാക്കളുടെ സംഘനയായ അമ്മയും സമ്മതിക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെടുന്നു.