ജിബിൻ കുര്യൻ
കോട്ടയം: സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ആരംഭിക്കുന്നു.
സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വാഗമണ്ണിൽ പാർക്ക് ആരംഭിക്കുന്നത്.
വാഗമണ് മൊട്ടക്കുന്നിനു സമീപമുള്ള അഡ്വൻജർ പാർക്കിനോടു ചേർന്നുള്ള 26 ഏക്കർ സ്ഥലത്താണ് കാരവൻ പാർക്ക് ആരംഭിക്കുന്നത്.
10 കാരവനുകൾക്ക് ഒരേ സമയം പാർക്കിംഗ് സൗകര്യമുണ്ടാകുന്ന വിധത്തിലാണു പദ്ധതി.
ഇതിൽ ആദ്യ കാരവൻ പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.
വാഗമണ്ണിനു പുറമേ മറയൂർ, മലന്പുഴ എന്നിവിടങ്ങളിലും കാരവൻ പാർക്കുകൾ ഒരുങ്ങുന്നുണ്ട്.
ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിവ കാരവനിലുണ്ടായിരിക്കും.
പുത്തൻ അനുഭവം
കോവിഡാനന്തര സാഹചര്യത്തിൽ വിനോദ സഞ്ചാരികളെ വരവേൽക്കാനായി പുത്തൻ അനുഭവങ്ങളും അനുഭൂതികളുമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് നവീനമായ ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയിൽ കാരവൻ ടൂറിസവുമായി ടൂറിസം വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമാ താരങ്ങൾ ഉപയോഗിക്കുന്ന ആഡംബര വാഹനം എന്ന നിലയിൽ ഏവർക്കും സുപരിചിതമായ കാരവൻ ഇതുവരെ യാത്രാ ലക്ഷ്യമില്ലാതിരുന്ന കേന്ദ്രങ്ങളിലേക്കു കൂടി വിനോദ സഞ്ചാരികൾക്ക് യാത്ര ചെയ്യാനും രാപ്പാർക്കാനുമായി ഒരുക്കുകയാണ്.
രണ്ടു മേഖലകളിലായാണ് കാരവൻ ടൂറിസം പ്രവർത്തിക്കുക. കാരവൻ വാഹനവും കാരവൻ പാർക്കിംഗും.
പകൽ സമയത്ത് കാരവനിൽ കാഴ്ചകൾ കണ്ടു സഞ്ചാരം. സുരക്ഷിത കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന പാർക്കിംഗ് കേന്ദ്രങ്ങളിൽ രാത്രി താമസം.
ഒരു റിസോർട്ടിലോ ഹോട്ടലിലോ ലഭിക്കുന്നഎല്ലാ സൗകര്യങ്ങളും കാരവനിലുണ്ടാകും.
രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന കാരവൻ മുതൽ നാലു പേർ അടങ്ങുന്ന കുടുംബത്തിനു താമസിക്കാവുന്ന കാരവനുകളാണ് വാഗമണ്ണിൽ എത്തിക്കുക.
ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും കാരവനിലുണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ നിയമാനുസൃതമായിട്ടാണ് കാരവൻ നിരത്തിലിറങ്ങുക.
പ്രസക്തിയേറി
കോവിഡ് മഹാമാരിയുടെ കാലത്ത് പൊതുജന സന്പർക്കം കുറച്ചുള്ള വിനോദയാത്രക്ക് പ്രസക്തിയേറിയിരിക്കുകയാണ്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം.
ഇതുവരെ ടൂറിസം വകുപ്പിന് 303 കാരവനുകൾക്കായി 154 അപേക്ഷ ലഭിച്ചിട്ടുണ്ട്. ആദ്യ 100 കാരവനുകൾക്കായി 67 സ്ഥാപനങ്ങൾ മുന്നോട്ടു വന്നു കഴിഞ്ഞു.
അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപ തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം അഞ്ച് ലക്ഷം അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ച് ശതമാനം എന്നിങ്ങനെ സബ്സിഡിയായി ടൂറിസം വകുപ്പ് നൽകുന്നുണ്ട്.
വാഗമണ്ണിലെ കാരവൻ ടൂറിസം ഇടുക്കി, കോട്ടയം ജില്ലയിലെ ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനു വഴിതെളിക്കും.