മങ്കൊമ്പ് : ആറ്റിൽ ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു.
മൃതദേഹം ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിൽനിന്നു ലഭിച്ച തിരിച്ചറിയൽ രേഖകളും വിലാസവും പ്രകാരം മൂന്നു മാസം മുൻപു കാണാതായ മുട്ടാർ സ്വദേശിയുടേതാണെന്നാണ് പോലീസ് ഏറെക്കുറെ ഉറപ്പിക്കുന്നത്.
മുട്ടാർ കൊടുവന്ത്ര വീട്ടിൽ വർഗീസ് തോമസിന്റെ മകൻ രാജു തോമസിനെ കാണാനില്ലെന്നു കാട്ടി സഹോദരൻ മൂന്നു മാസങ്ങൾക്കു മുൻപ് രാമങ്കരി പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ജൂലൈ 18നാണ് ഇദ്ദേഹത്തെ കാണാതായത്. എന്നാൽ, ആറ്റിൽ പൊങ്ങിയ മൃതദേഹത്തിനു ഒരു മാസത്തെ പഴക്കമായിരുന്നു ഉണ്ടായിരുന്നത്.
കാണാതായ ദിവസം ഇദ്ദേഹം തന്റെ ഉടമസ്ഥതയിലുള്ള ടിഎസ് 102 എച്ച് 2454 രജിസ്ട്രേഷനിലുള്ള ചുവപ്പു നിറത്തിലുള്ള സ്വിഫ്റ്റ് കാറിലാണ് വീട്ടിൽനിന്നു പോയത്.
സ്വിഫ്റ്റ് കാർ എവിടെ?
ഇദ്ദേഹത്തെ കാണാതായതു മുതൽ കാറിനെപ്പറ്റിയും വിവരമൊന്നും ലഭിച്ചിട്ടില്ല. കാർ മറ്റാരെങ്കിലും കൈവശപ്പെടുത്തിയതാകുമോ എന്നാണ് പോലീസ് സംശയിക്കുന്നത്. കാർ വെള്ളത്തിലോ മറ്റോ വീണു ഇദ്ദേഹം അപകടത്തിലായതാണോ എന്നും പോലീസ് സംശയിക്കുന്നു.
കാറിനുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് ഒഴുകിയെത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കാർ കണ്ടെത്തിയാലെ കേസ് അന്വേഷണത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളു.
കാറിനെ സംബന്ധിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു പോലീസ് അറിയിച്ചു.
ഇൻസ്പക്ടർ ഓഫ് പോലീസ് പുളിങ്കുന്ന്-9497987061. സബ് ഇൻസ്പെക്ടർ ഓഫ് പുളിങ്കുന്ന്-9497980288, ഇൻസ്പക്ടർ ഓഫ് പോലീസ് രാമങ്കരി- 9497980290.