തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയ കാറിന്റെ ഉടമ പിടിയിൽ.
കാറുമായെത്തി ഹോട്ടലിൽ ബഹളംവച്ച് കടന്നുകളഞ്ഞ യുപി സ്വദേശിയാണ് തിരുവനന്തപുരത്ത് പിടിയിലായത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം പട്ടത്തു നിന്നുമാണ് യുപി രജിസ്ട്രേഷനിലുള്ള കാർ പോലീസ് പിടികൂടിയത്.
കാറിൽ പെയിന്റ് ഉപയോഗിച്ചാണ് മോദിക്കെതിരേ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുള്ളത്.
പഞ്ചാബിലെ കർഷക മരണങ്ങൾ, പുൽവാമാ, ഗോദ്രാ സംഭവങ്ങൾ ഇവയെക്കുറിച്ചെല്ലാം കറുത്ത പെയിന്റ് ഉപയോഗിച്ച കാറിൽ വലിയ വലുപ്പത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് അമിതവേഗതയിൽ കാർ ഹോട്ടലിനു മുന്നിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ഇയാളെ ഹോട്ടൽ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനാകുകയും ബഹളംവയ്ക്കുകയുമായിരുന്നു.
ഇതേ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിൽ അറിയിച്ചു. ഇതിനിടെ ഇയാൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഒരു ഓട്ടോറിക്ഷയിൽ കയറിപ്പോയി.
കാറിനുള്ളിൽ നിന്നു പഴകിയ വസ്ത്രങ്ങളും ഇലക്ട്രോണിക് വസ്തുക്കളും കേബിളുകളും പോലീസ് കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് ഈ വാഹനം.