ആഗോളതാപനം ലോകാന്ത്യത്തിന് വഴിവയ്ക്കുമോ ? ഈ ചോദ്യം ഉയര്‍ന്നിട്ട് കാലം കുറേയായെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അതിഭീകരമായ അവസ്ഥയിലെത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നു മുതല്‍ 15 വരെ പോളണ്ടിലെ കാറ്റോവീറ്റ്സയില്‍ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടി നിഷ്ഫലമായി. കാര്‍ബണ്‍ പുറംതള്ളലില്‍ യാതൊരു നിയന്ത്രണവും വരുത്താന്‍ ചൈനയും അമേരിക്കയും യൂറോപ്യന്‍യൂണിയനും തയ്യാറാവാഞ്ഞതോടെ മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യരെ കാത്തിരിക്കുന്നത് കൊടിയ ദുരന്തങ്ങളാണ്.
പാരീസ് കരാറില്‍ വെള്ളം ചേര്‍ത്തു ദുര്‍ബലമാക്കിയ കാറ്റോവീറ്റ്സ് ഉച്ചകോടി ചരിത്രത്തില്‍ കുതിര്‍ന്നലിഞ്ഞു. 24-ാമത്തെ കാലവസ്ഥ ഉച്ചകോടിയ്ക്കാണ് കാറ്റോവീറ്റ്സ് വേദിയായത്. ആഗോള താപനില ഒന്നര ഡിഗ്രിയില്‍ കൂടാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു പ്രഥമലക്ഷ്യം. എന്നാല്‍ തീര്‍ത്തും ദുര്‍ബലമായ കരാറിലാണ് 200 രാജ്യങ്ങളുടെ കൂട്ടായ്മ എത്തിച്ചേര്‍ന്നത്.
വികസ്വര രാജ്യങ്ങള്‍ക്കു ലഭിക്കേണ്ട സാമ്പത്തിക സാങ്കേതിക സഹായങ്ങളോ ഉറപ്പാക്കുന്നതിലും കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്(COP)24 എന്ന ഉച്ചകോടി തികഞ്ഞ പരാജയമായി. സമ്പന്നരാജ്യങ്ങള്‍ മൂന്നാംലോകരാജ്യങ്ങളെ കൈവിട്ടപ്പോള്‍ സ്വന്തമായി പണം കണ്ടെത്തി രക്ഷാനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയും മാലദ്വീപും ശ്രീലങ്കയും ബംഗ്ലാദേശുമുള്‍പ്പെടെയുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് കടലേറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രതിസന്ധികളാണ്.
ലോകത്തെ ശരാശരി താപനില ഒന്നര ഡിഗ്രിയില്‍ കൂടാതെ പിടിച്ചുനിര്ത്തിയില്ലെങ്കില് ലോകാവസാനമാകും ഫലം.ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഈ അവസാന മുന്നറിയിപ്പു നല്‍കിയിട്ട് ഒരു മാസം ആകുന്നു. എന്നിട്ടും 24-ാം ഉച്ചകോടിയില്‍ ഇതു പ്രതിഫലിച്ചില്ലയെന്നത് തീര്‍ത്തും നിരാശാജനകമാണ്.
കാര്‍ബണിന്റെ പുറംതള്ളല്‍ അനുദിനം വര്‍ധിച്ചു വരുന്നതാണ് ലോകത്തെ ആഗോളതാപനത്തിലേക്ക് തള്ളിവിടുന്നത്. ഇത് കുറയ്ക്കാന്‍ ആകെയുള്ള മാര്‍ഗം വനങ്ങള്‍ കൂടുതലായി നട്ടുവളര്‍ത്തുക എന്നതാണ്. 2019 മുതല്‍ കാര്‍ബണ്‍ വ്യാപാരം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. ഇതു വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ശക്തമാക്കും. ഇന്ത്യയിലെ വനങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചിലപ്പോള്‍ വിദേശ രാജ്യങ്ങള്‍ വന്‍ സഹായം വാഗ്ദാനം ചെയ്തേക്കും. ഇത് വലിയൊരു സാധ്യതയാണു തുറക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ മാറ്റ ചട്ടരൂപീകരണ സമ്മേളനം (യുഎന്‍ എഫ് സിസി) കേവലം പഠന ഫലം കൈമാറാനും ചര്‍ച്ച ചെയ്യാനും മാത്രമുള്ള വേദിയായി മാറിയിരിക്കയാണെന്ന് കാറ്റോവീറ്റ്സ സമ്മേളനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത ന്യൂഡല്‍ഹി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു.
വരാന്‍പോകുന്നത് പേമാരിയും വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയും ഭക്ഷ്യക്ഷാമവും രോഗവും നിറഞ്ഞ ചൂടേറ്റത്തിന്റെ നാളുകളെന്നു ചുരുക്കം. ലോക രാജ്യങ്ങളെ ഹരിതപാതയിലേക്കു നയിക്കാന്‍ യുഎന്‍ എഫ്സിസിക്കു കഴിയുന്നില്ല എന്നത് ഉച്ചകോടിയുടെ തുടര്‍ച്ചയായ പരാജയമാണെന്നാണ് വിലയിരുത്തല്‍. ശാസ്ത്രീയമായ മുന്നറിയിപ്പുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ അതുവഴി ഭൂമിയെ ചൂടേറ്റത്തിനു വിട്ടുകൊടുത്ത ശേഷം കൈയ്യും കെട്ടി നോക്കിനില്ക്കുന്ന നിഷ്ക്രിയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിക്കപ്പെട്ട സമ്മേളനമായിരുന്നു കാറ്റോവീറ്റ്സയിലേത്.
ട്രംപ് അധികാരത്തില്‍ വന്നതോടെ കാലാവസ്ഥാ മാറ്റം ഒന്നും സത്യമല്ലെന്നും ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ തകര്‍ക്കാനുള്ള ആഗോള (ചൈനയുടെ) ഗൂഢാലോചനയാണെന്നും പറഞ്ഞ് കരാറുകളില്‍ നിന്നു യുഎസ് പിന്‍വാങ്ങിയിരുന്നു. പല വികസിത രാജ്യങ്ങളും ഇതിന്റെ ചുവടുപിടിച്ചുള്ള ഒളിച്ചുകളി തുടരുകയാണ്.
നിയന്ത്രണമില്ലാത്ത വിഭവ ഉപയോഗത്തിലൂടെ ലോകത്തെ ഏറ്റവും കാര്‍ബണ്‍ പങ്കിലമാക്കിയ രാജ്യമാണ് യുഎസ്. എന്നാല്‍ ഇന്ത്യ പോലെയുള്ള പാവപ്പെട്ട രാജ്യങ്ങള്‍ അടുത്ത കാലത്താണ് കാര്‍ ഉപയോഗത്തിലൂടെയും കല്‍ക്കരി-ഡീസല്‍ (താപവൈദ്യുത നിലയങ്ങള്‍) കത്തിച്ചും അല്പമെങ്കിലും കാര്‍ബണ്‍ കൂടുതലായി പുറന്തള്ളാന്‍ തുടങ്ങിയത്. എന്നാല്‍ യുഎസിന്റെയും ചൈനയുടെയും അയലത്തുപോലും എത്തില്ല ഇന്ത്യയുടെ കാര്‍ബണ്‍ പാപം അഥവാ പുക പുറന്തള്ളല്‍.
എന്നിരുന്നാലും ആഗോള താപനഫലമായ പ്രളയവും വരള്‍ച്ചയുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഭൂമധ്യരേഖയോടു ചേര്‍ന്നു കിടക്കുന്ന ഏഷ്യന്‍ രാജ്യങ്ങളെയാണ് എന്നതാണ് വസ്തുത. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന പാഠം അടുത്ത തലമുറകളിലേക്ക് പകര്ന്നില്ലെങ്കില് സര്‍വനാശമായിരിക്കും ഫലമെന്ന സൂചനകളാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തില്‍ നിന്നും ലഭിക്കുന്നത്.