കോട്ടയം: ഈരാറ്റുപേട്ടയിൽ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. കളിക്കളത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ പിടിച്ചെടുത്തു. 16 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പാലാ ഡിവൈഎസ്പിയുടെ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് തിങ്കളാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്. ഈരാറ്റുപേട്ട ബസ്സ്റ്റാൻഡിനു സമീപത്തെ ഒഴിഞ്ഞ കടമുറി വാടകയ്ക്കെടുത്തായിരുന്നു ചീട്ടുകളി. മുറികൾ വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഓരോ ദിവസവും സ്ഥലം മാറിയാണ് ഇവർ ചീട്ടുകളി നടത്തിയിരുന്നത്. തിങ്കളാഴ്ച ഈരാറ്റുപേട്ടയിൽ ചീട്ടുകളി നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പോലീസ് എത്തിയത്. ആറു മണിയോടെ കളിക്കാർ ഓരോരുത്തർ മുറിയിൽ പ്രവേശിക്കും. തുടർന്ന് ഒരാൾ ഷട്ടർ അടച്ചു പൂട്ടി പുറത്തു കാവൽ നിൽക്കും. മുറി പൂട്ടിയിട്ടിരിക്കുന്നതിനാൽ ആർക്കും സംശയം തോന്നുകയില്ല.
മഫ്തിയിൽ സ്ഥലത്ത് നിരീക്ഷണം നടത്തിയ പോലീസ് ചീട്ടുകളിക്കാർ എത്തിയ വിവരം എസ്ഐയെ അറിയിച്ചു. ഇതോടെ കൂടുതൽ പോലീസ് എത്തി ഷട്ടർ തുറന്ന് എല്ലാവരെയും പിടികൂടുകയായിരുന്നു.
3,28,000 രൂപ കളിക്കളത്തിൽ നിന്ന് പിടിച്ചെടുത്തു. ഈരാറ്റുപേട്ട, തിടനാട് സ്വദേശികളാണ് കളിക്കാനുണ്ടായിരുന്നത്. ഇതിൽ ഒരാളാണ് മുറി വാടകയ്ക്കെടുത്ത് ചീട്ടുകളിക്ക് നേതൃത്വം നല്കുന്നത്.