അടൂര്‍: അടൂരില്‍ ഒരേസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി തീ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലെ ദുരൂഹതതേടി പോലീസ് അന്വേഷണം ഊര്‍ജിതമായി.
അടൂര്‍ റവന്യൂടവറിനു മുന്നിലെ നഗരസഭ വക സ്ഥലത്ത് ജനുവരി 28ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കാറുകള്‍ അഗ്്നിക്കിരയായി.
അതേ സ്ഥലത്തു വെള്ളിയാഴ്ച ഒരു ടിപ്പര്‍ലോറിക്കു കൂടി തീപിടിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് തീരുമാനിച്ചത്.
തീ പിടിത്തങ്ങളെല്ലാം വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനുമിടെയാണ് തീപിടിത്തം നടന്നിരിക്കുന്നത്.അടൂര്‍ മുനിസിപ്പല്‍ എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള കാറാണ് ആദ്യദിനം കത്തിയത്.
പഴയ കാര്‍ കൂടി കത്തിയതോടെ
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന നിഗമനമായിരുന്നു ആദ്യം. എന്നാല്‍ മാസങ്ങളായി മഴയും വെയിലുമേറ്റു കിടന്ന ആരോഗ്യവകുപ്പിന്റെ പഴയ കാര്‍ കൂടി അന്നേദിവസം കത്തിയതോടെ ദുരൂഹത വര്‍ധിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. പോലീസിനൊപ്പം വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികത ഒന്നും കണ്ടില്ല.
ഏതെങ്കിലും തരത്തിലുള്ള രാസലായനി ഒഴിച്ചാണ് തീ കത്തിച്ചതെന്ന സംശയം പോലീസിനുണ്ട്. ടിപ്പര്‍ കത്തിയപ്പോള്‍ ലഭിച്ച ചില പേപ്പറുകളും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അടൂര്‍ നഗരസഭയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചെയര്മാന് ഡി. സജി പറഞ്ഞു.