ചവറ: അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയിൽ കാറിടിച്ചു.
നവജാത ശിശു അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ദേശീയ പാതയിൽ കെഎംഎംഎൽ സ്പോഞ്ച് കമ്പനിക്ക് സമീപമായിരുന്നു അപകടം നടന്നത്.
ചവറ കൊറ്റംകുളങ്ങര സ്വദേശികളായ ഗോപാലകൃഷ്ണപിള്ള ഭാര്യ ഉഷ ഇവരുടെ മകൾ രേവതിയും രേവതിയുടെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.
കാർ ഇടിച്ചതിനെ തുടർന്ന് ഓട്ടോ കരണം മറിഞ്ഞു യാത്രികർ ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു . പരിക്കേറ്റവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രസവ ശേഷം വീട്ടിലെത്തിയ രേവതിക്ക് അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടർന്ന് കരുനാഗപ്പളിയിലെ ആശുപത്രിയിലേക്കു പോകും വഴിയാണ് അപകടം.
രേവതിയുടെ കാൽ ഒടിഞ്ഞതിനെ തുടർന്ന് കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂർ സ്വദേശികളായ നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയിൽ ഇടിച്ച ശേഷം കാർ മൈൽ കുറ്റി തകർത്ത് റോഡിന്റെ പടിഞ്ഞാറെ താഴ്ച്ചയിൽ നിന്നു. ഇടിയുടെ ആഘാതത്തിൽ കാറിനു മുൻവശം തകർന്നിട്ടുണ്ട് . കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ചവറ പോലീസ് കേസെടുത്തു .