കോട്ടയം: ഇന്നു മുതൽ ഞായറാഴ്ച വരെ ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി.
ഇന്നലെ രാവിലെ മുതൽ രാത്രി വരെ കോട്ടയം നഗരത്തിലും മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ലോക്ക് ഡൗണ്‍ എത്തിയേക്കുമെന്ന് ഭയമുള്ളതിനാൽ ജനങ്ങൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ എത്തിയതാണ് തിരക്ക് കാരണമായത്.
ഞായറാഴ്ച തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപനത്തോടനുബന്ധിച്ചു ഡ്യൂട്ടിയിലായിരുന്നതിനാൽ പോലീസുകാരും ഇന്നലെ റോഡുകളിൽ കുറവായിരുന്നു.
കോട്ടയം മാർക്കറ്റിൽ രാവിലെ കഴിഞ്ഞ ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി ആളുകൾ കൂട്ടംകൂടിയാണു കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത്.
ഇതോടെ പോലീസും എന്തു ചെയ്യണമെന്നറിയാതെയായി. സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഗതാഗക്കുരുക്ക് മൂലം മാർക്കറ്റ് റോഡിൽ വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്.
പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു.
സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ജനത്തിരക്ക് തീരെ കുറവായിരുന്നു. കോവിഡ് രോഗം പിടിപെടുമെന്ന ഭയമുള്ളതിനാൽ ആളുകൾ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതു കുറച്ചിരിക്കുകയാണ്.
ആളുകൾ കൂടുതൽ സ്വകാര്യവാഹനങ്ങളിൽ എത്തിയതോടെയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് വർധിച്ചത്.
ഇന്നു മുതൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും പൊതുഗതാഗതം പതിവുപോലെ ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങൾ എങ്ങനെയാകും, കടകൾ തുറക്കുമോ എന്നുള്ള ആശങ്കയാണ് ആളുകളെ കൂടുതലായി നഗരത്തിലെത്തിച്ചത്.