കടുത്തുരുത്തി: ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്.
സമയോചിതമായി നാട്ടുകാർ ഇടപെട്ടതിനാൽ വൻ അപകടമൊഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12നു കുറുപ്പന്തറ കടവിലാണ് സംഭവം. കർണാടക സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടം. യാത്ര ആരംഭിച്ചതുമുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഫോണിലൂടെ ലഭിച്ച നിർദേശം. ഇതോടെ ഇവിടുത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ ഫോർച്യൂണർ കാർ മുന്നോട്ട് ഓടിക്കുകയായിരുന്നു.
നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് വീണി രുന്നു.
മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.
തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടിവലിച്ചാണ് കാർ തോട്ടിൽനിന്നു കരയ്ക്കെത്തിച്ചത്.
മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാൽ ഇവർ ഇതേ കാറിൽ തന്നെ യാത്ര തുടരുകയായിരുന്നു. ഈ ഭാഗത്ത് മുന്പും ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
ഇവിടെ അപകടങ്ങൾ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലികമായി ചങ്ങലയിട്ട് വഴി അടച്ചു.