കോട്ടയം: ജില്ലയിൽ ചീട്ടുകളി സംഘങ്ങൾക്കു കുച്ചുവിലങ്ങിടാൻ പോലീസ്. മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തെക്കുറിച്ചും അവർക്ക് ഒത്താശ ചെയ്യുന്ന പോലീസുകാരെക്കുറിച്ചും ജില്ലാ സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കോടികൾ മറിയുന്ന ചീട്ടുകളി സജീവമായി നടക്കുന്നതിന്റെ വ്യക്തമായ വിവരങ്ങൾ ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രിയിൽ കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പിജിആർ ക്ലബിൽനിന്നും ചീട്ടുകളി പിടികൂടിയത്. ചീട്ടുകളിച്ചിരുന്ന 11 പേരെയും 65,000 രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. ക്ലബിലെ രണ്ടു മുറികളിലായാണ് ചീട്ടുകളി നടന്നിരുന്നത്.
ഇതിനു പുറമേ നഗരത്തിലെ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ചീട്ടുകളി നടക്കുന്നതായാണ് സ്പെഷൽ ബ്രാഞ്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലാണ് കോടികൾ മറിയുന്ന ചീട്ടുകളി നടക്കുന്നത്.
പോലീസ് സംഘം ഈ സ്ഥലങ്ങളിലും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഭക്ഷണവും മദ്യവും ഉൾപ്പെടെ ചീട്ടുകളി കേന്ദ്രങ്ങളിൽ എത്തിച്ചു നല്‍കുന്നതായും വിവരമുണ്ട്. ചില സ്ഥലങ്ങളിൽ മഫ്തിയിലും പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
പല ചീട്ടുകളി സംഘങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതു പോലീസ് ഉദ്യോഗസ്ഥരും രാഷ്്്ട്രീയക്കാരുമാണ്. ചീട്ടുകളി കേന്ദ്രത്തിലെ പണം കൈകാര്യം ചെയ്യുന്നതിനു പോലും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
മണർകാട് ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിന് എല്ലാ ഒത്താശകളും ചെയ്തു നല്‍കിയിരുന്നത് പോലീസും രാഷ്്ട്രീയക്കാരുമാണെന്ന കാര്യവും പുറത്തുവന്നിരുന്നു.
ഇതേ സംഘത്തിന്റെ തന്നെ നേതൃത്വത്തിൽ ജില്ലയിലെ മറ്റു ചില രഹസ്യ കേന്ദ്രങ്ങളിൽ കോടികൾ മറിയുന്ന ചീട്ടുകളി നടക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ഇവിടങ്ങളിൽ മണർകാട് ക്രൗണ്‍ ക്ലബിൽ നടന്നിരുന്നതു പോലെ ടോക്കണ്‍ സന്പ്രദായത്തിലാണ് പണം കൈമാറിയിരുന്ന്. കൗണ്ടറിൽ നല്കുന്ന തുകയ്ക്ക് അനുസരിച്ചു വ്യത്യസ്തമായ നിറത്തിലുള്ള ടോക്കണുകൾ ചീട്ടുകളിക്കാൻ എത്തുന്നവർക്കു നല്‍കും.
വാശിയേറിയ ചീട്ടുകളിക്കിടയിൽ പണം നഷ്്ടപ്പെട്ടാൽ കളിക്കാർക്കു പണം പലിശയ്ക്കു നല്‍കുന്നതിനുള്ള സമാന്തര ബ്ലേഡ് ബാങ്കും ചീട്ടുകളി കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ജില്ലയിലെ ചില കേന്ദ്രങ്ങളിൽ നടക്കുന്ന ചീട്ടുകളി സംഘത്തെക്കൂടി പോലീസ് പിടികൂടുമെന്നാണ് സൂചന.