അർധരാത്രിയിൽ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ ജർമനിയിലെ ഹൈവേയിലൂടെ (എ44) 140 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച എട്ടു വയസുകാരൻ ഏറെ ആശങ്ക പടർത്തിയെങ്കിലും ഒടുവിൽ പോലീസിന്‍റെ പിടിയിലായി. വെസ്റ്റ് ഫാളിയ നഗരത്തിലെ സോസ്റ്റ് എന്ന ചെറുപട്ടണത്തിൽ താമസിക്കുന്ന ബാലനാണ് വോൾക്സ് വാഗൻ കന്പനിയുടെ ഗോൾഫ് മോഡൽ ഓട്ടോമാറ്റിക് കാറുമായി ഹൈവേയിലൂടെ പാഞ്ഞത്.
ഡോർട്ട്മുണ്ട് നഗരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ അൽപ്പനേരം വിശ്രമിക്കാൻ ഹൈവേയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തപ്പോഴാണ് പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് പിടികൂടി കാര്യം അന്വേഷിച്ചപ്പോൾ, അൽപ്പം ഡ്രൈവ് ചെയ്യണമെന്നു മാത്രമേ താൻ ആഗ്രഹിച്ചുള്ളൂ എന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചു.
അമിത വേഗം കുട്ടിക്കുതന്നെ അസ്വസ്ഥത തോന്നിയതോടെയാണ് സ്വയം കാർ നിർത്തിയതെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കാറിന്‍റെ ഹസാർഡ് ലൈറ്റുകൾ ഓണ്‍ ചെയ്തിരുന്നു. കാറിന്‍റെ പിന്നിൽ വാണിംഗ് ത്രികോണവും ഘടിപ്പിച്ചിരുന്നു.
വീടിന്‍റെ മുറ്റത്തുനിന്നും ഓടിയകലുന്ന കാറിന്‍റ ശബ്ദം കേട്ടാണ് അമ്മ വിവരം അറിയുന്നത്. ഉടൻതന്നെ അവർ പോലീസിനെ വിവരമറിയിച്ചതിനെതുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്.
ഗോ കാർട്ടുകളിൽ ബന്പർ കാറുകൾ ഓടിച്ചിട്ടുള്ള കുട്ടി, സ്വകാര്യ സ്ഥലത്ത് വലിയ കാറുകളും സ്ഥിരമായി ഓടിക്കാറുണ്ടെന്നുള്ള കാര്യം മാതാപിതാക്കൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ ആരുടെയെങ്കിലും സ്വത്തിനോ, ആളുകൾക്കോ പരിക്കോ, ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ വൻ പിഴയും മാതാപിതാക്കൾക്ക് കടുത്ത ശിക്ഷയും അനുശാസിക്കുന്ന ജർമനിയിൽ എന്തായാലും കേസില്ലാതെ സംഭവം മാറുകയും ചെയ്തു. നിയമാനുസൃതമായി പതിനേഴു വയസുമുതൽ ജർമനിയിൽ ലൈസൻസ് ലഭിക്കുകയും വാഹനം ഓടിക്കുകയും ചെയ്യാം. എന്നാൽ രണ്ടുവർഷം ഓടിച്ചു പരിചയമുള്ള ഒരാൾ 17 കാരന്‍റെ കൂടെ വാഹനത്തിലുണ്ടാവണം എന്നും നിയമം അനുശാസിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ