കണ്ണൂർ: ചാല ആറ്റടപ്പ റോഡിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരൂഹത.
കഴിഞ്ഞദിവസം രാത്രിയാണ് ചാല ആറ്റടപ്പ റോഡിലെ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചതെന്ന് വീട്ടമ്മ പറയുന്നത്.
വിവരമറിഞ്ഞ് എത്തിയ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലായത്.
മോഷ്ടാവ് വീട്ടിലെത്തിയതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പോലീസ് പറയുന്നു.
കവർച്ചാസംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും അപഹരിച്ചതെന്ന് വീട്ടമ്മയുടെ വാദം തെളിയിക്കാനുള്ള ഒരു തെളിവും വീട്ടിൽനിന്നു പോലീസിന് ലഭിച്ചിട്ടില്ല.
മോഷ്ടാവ് അകത്തേക്ക് വന്നെന്നു കരുതുന്ന വഴിയിലൊന്നും കാൽപ്പാടുകളോ വാതിൽ തുറന്ന ലക്ഷണമോ കാണാനില്ല.
മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ മോഷണ സംഘത്തിലുണ്ടായിരുന്നുവെന്നും അവർ കത്തി കാണിച്ച് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടമ്മ പറയുന്നത്.
താക്കോൽ നൽകാതിരുന്നപ്പോൾ ഉറങ്ങിക്കിടന്ന മകളുടെ കഴുത്തിനുനേരെയും മോഷ്ടാക്കൾ കത്തികാട്ടി ഭീഷണിപ്പെടുത്തി.
തുടർന്ന് ഭയന്നുവിറച്ച വീട്ടമ്മ നിലവിളിച്ചിട്ടും ഉറങ്ങുകയായിരുന്ന 16 ഉം 14 ഉം വയസുള്ള കുട്ടികൾ അറിഞ്ഞില്ലെന്നും പറയുന്നു. ഇതും ദുരൂഹത വർധിപ്പിക്കുന്നു.
അലമാരയിൽ പണവും സ്വർണവും സൂക്ഷിച്ചിരുന്നില്ല. പ്രത്യേക സ്ഥലത്ത് വളരെ സ്വകാര്യമായി സൂക്ഷിച്ചുവച്ച സ്ഥലത്തുനിന്ന് എങ്ങനെ മോഷ്ടാക്കൾക്ക് പണം ലഭിച്ചുവെന്നതിലും പോലീസിന് സംശയമുണ്ട്.
മുറിയിലെ അലമാരയിലെ തുണികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇതുവരെ നടന്ന കവർച്ചാകേസുകളിൽ കറുത്ത ഷൂവും കറുത്ത പാന്റും ഷർട്ടും മുഖംമൂടിയും കൈയുറയും ധരിച്ച് സംഘം എത്തിയതായി പോലീസിന് അറിവില്ല.
മോഷ്ടാവിനെ കണ്ട സ്ത്രീ ഒഴികെ വീട്ടിലുള്ള മക്കൾ സംഭവം അറിഞ്ഞിട്ടുപോലുമില്ല. മക്കളുടെയും അമ്മയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സംഘം കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ പരാതിയില്ലെന്നും സ്വർണവും പണം നഷ്ടപ്പെട്ടത് സഹിച്ചോളാമെന്നുമാണ് പിന്നീട് വീട്ടമ്മ പോലീസിനെ അറിയിച്ചത്.