ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു. 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമിച്ചതാണ് ദ്രാസ് യുദ്ധ സ്മാരകം.
“ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. നിമ്മു-പദും-ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണു ഷിങ്കുൻ-ലാ തുരങ്ക പദ്ധതി. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും യാത്രാസൗകര്യമൊരുക്കും.
ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുന്നതു കൂടിയാണ് തുരങ്കം. പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായും ഇതു മാറും. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.