ആറന്മുള: കാര്‍ഗിലിലെ അഭിമാനപോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികന് ടി.സി. അനില്‍ കുമാറിന്റെ സ്മരണയിൽ ജന്മനാട്. കാര്‍ഗില്‍ വിജയത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരിക്കല്‍ കൂടി ആ സ്മരണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും അധികൃതര്‍ ഈ ധീരയോദ്ധാവിനെ മറന്നതിന്റെ വ്യഥ വല്ലന, കുറിച്ചിമുട്ടം ഗ്രാമത്തിനും അനിലിന്റെ ബന്ധുക്കള്‍ക്കുമുണ്ട്.
യുദ്ധത്തില്‍ പങ്കെടുത്ത് 1999 ഡിസംബര്‍ 15 നാണ് ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാറിന്റെ വീരമൃത്യു. സംസ്കാരത്തിനുശേഷം നടന്ന അനുസ്മരണ യോഗങ്ങളിലെല്ലാം അര്‍ഹമായ സ്മാരകം നിര്‍മിക്കുമെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ഒരു സ്മാരകവും അനിലിന്റെ പേരില്‍ ജന്മനാട്ടില് ഉയര്‍ന്നില്ലെന്ന് ഭാര്യ ശ്രീരേഖ പറയുന്നു.
കുറിച്ചിമുട്ടം ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നും അത് ലാന്‍സ് നായിക്ക് അനില്‍ കുമാര്‍ സ്മാരകമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സംസ്കാര സ്ഥലത്ത് കുടുംബം നിര്‍മിച്ച മണ്ഡപം മാത്രമാണ് ഇപ്പോഴും സ്മാരകമായുള്ളത്.
കാര്‍ഗില്‍ യുദ്ധത്തില്‍ അനിലിനൊപ്പം മരിച്ച അജിയ്ക്കായി ജന്മനാടായ തിരുവനന്തപുരത്ത് വെള്ളനാട്ട് ഒന്നിലധികം സ്മാരകങ്ങള്‍ ഉയരുകയും ചെയ്തു. ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്തതുമില്ല.
സൈനിക കുടുംബമായ ആറന്മുള വല്ലന ലീലാലയത്തില്‍ ഹവില്‍ദാര്‍ ടി.കെ.ചെല്ലപ്പന്റെയും കെ. ലീലാമ്മയുടെയും മകനായി 1967 ജനുവരി ഒന്നിന് അനില്‍ കുമാര്‍ ജനിച്ചത്. 1986 ഫെബ്രുവരി 18 ന് സൈനികനായി. മദ്രാസ് റെജിമെന്റില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രാപ്രദേശ്, പാങ്ങോട്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും രാജ്യത്തിനായി പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് ഭീകരരെ നേരിടുന്ന മദ്രാസ് റെജിമെന്റിന്റെ രാഷ്്ട്രീയ റൈഫിള്‍സ് ബറ്റാലിയനിന് എത്തുന്നത്. ഇതിനൊപ്പമാണ് യുദ്ധകാലത്ത് കാശ്മീരിലേക്ക് പോയത്.
ഇവിടെ വച്ചാണ് 1999 ഡിസംബര്‍ 15 ന് വീരമൃത്യു. അനില്‍ കുമാറിനൊപ്പം വെള്ളനാട് സ്വദേശി അജികുമാറും വീരമൃത്യു വരിച്ചപ്പോള്‍ ആലപ്പുഴ സ്വദേശി മേജര്‍ സുരേഷ് ബാബുവിന് പരിക്കേറ്റിരുന്നു. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ അവകാശിക്ക് ആശ്വാസ ധനമോ അവകാശിക്ക് ജോലിയോ നല്കിയാല് എല്ലാം തികഞ്ഞുവെന്നതാണ് സര്‍ക്കാര്‍ നയം.
ഇവരുടെ സ്മരണ പുതുക്കാന്‍ പോലും സര്‍ക്കാരും ജനവും മറക്കുന്നു. എല്ലാ ഔദ്യോഗിക ബഹുമതികളോടെയും സംസ്കാരം നടത്തി കഴിഞ്ഞാല്‍ പിന്നെ അവിടെ കുടുംബം മാത്രം. ഇതിനുദാഹരണമാണ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍ കുമാറിന്റേത്.