കണ്ണൂർ: കോഴിക്കോട് സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയുടെ കാർ കണ്ടെത്തി മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി.
സ്വർണക്കടത്ത് നടന്ന ദിവസം ഈ കാർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ അഴീക്കോട് അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയതിനു പിന്നാലെയാണ് അർജുന്റെ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പൂട്ടിയിട്ട അഴീക്കൽ സുൽക്ക ഉരു ഷെൽട്ടറിൽ തൂണിന്റെ മറവിലാണ് ഇന്നലെ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഉച്ച 12 ഓടെ കാർ അപ്രത്യക്ഷമാകുകയും ചെയ്തു.
നാട്ടുകാരാണ് കാർ കണ്ടെത്തിയത്. ആരൊക്കെയോ വന്ന് കാർ എടുത്ത് ഓടിച്ചുപോയതായി നാട്ടുകാർ പറഞ്ഞു. കാർ കണ്ടെത്തിയതറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തുന്പോഴക്കും അജ്ഞാതർ കാറുമായി കടന്നിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരോ അർജുന്റെ ഗുണ്ടാസംഘത്തിൽപ്പെട്ടവരോ ആയിരിക്കാം കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്.
കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം അർജുന്റെ അഴീക്കലിലെ വീട്ടിലെത്തി സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി അർജുൻ വീട്ടിൽ വന്നതായി ബന്ധുക്കൾ പറഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ നന്പറുകൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾ ഉപയോഗിക്കുന്ന കാറിന്റെ വിശദാംശങ്ങളും ആരാഞ്ഞു. തുടർന്നാണ് ഇന്നലെ കാർ കണ്ടെത്തിയതും അപ്രത്യക്ഷമായതും.