സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കേരളത്തില്‍ നിന്ന് ഇത്തവണ വിദേശത്തേക്കുളള കാര്‍ഗോ കയറ്റുമതിക്ക് കനത്ത തിരിച്ചടി. കോവിഡ് മൂലം ഗള്‍ഫിലേക്ക് വിമാനങ്ങള്‍ കുറഞ്ഞതും ഓണത്തോടനുബന്ധിച്ച് ഗള്‍ഫില്‍ കാര്‍ഗോയ്ക്ക് ഡിമാന്റ്് കുറഞ്ഞതുമാണ് കയറ്റുമതി ഇടിവിന് കാരണം.
കേരളത്തില്‍നിന്ന് വിമാനങ്ങള്‍ വഴിയുളള കാര്‍ഗോ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഓണക്കാലത്താണ്.ഓണവിഭവങ്ങളൊരുക്കാന്‍ നാടന്‍ പച്ചക്കറികള്‍ക്കും പൂക്കളമൊരുക്കാന് ഓണപ്പൂക്കള്ക്കുമാണ് ഗള്‍ഫില്‍ ഡിമാന്റ് ഏറെയുളളത്.
എന്നാല്‍ ഇത്തവണ പൂക്കള്‍ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. അതിനാല്‍ സംസ്ഥാനത്ത് നിന്ന് ഇത്തവണ ഓണപ്പൂക്കളുടെ കയറ്റുമതിയില്ല. ഓണ സദ്യ വിളമ്പാന്‍ വാഴയില അടക്കം വിമാനം കയറുമ്പോഴാണ് ഓണപ്പൂക്കള്‍ക്ക് ഇത്തവണ ഡിമാന്റില്ലാതായത്.
തമഴ്നാട്ടില്‍ നിന്നെത്തിക്കുന്ന വാഴയിലയിലാണ് ഗള്‍ഫിലേക്ക് അയയ്ക്കുന്നത്. പതിവ് വിമാനങ്ങളില്ലാത്തതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലാണ് കാര്‍ഗോ അയയ്ക്കുന്നത്. കരിപ്പൂരില്‍ ആറ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ 105 ടണ്‍ പഴം-പച്ചക്കറികളാണ് കഴിഞ്ഞ ദിവസങ്ങളിലായി അയച്ചത്.
റിയാദ്, കുവൈറ്റ്, ദുബൈ, ബഹ്റൈന്‍ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. ഓണ സീസണില്‍ നൂറ് ടണ്ണിലധികം കാര്‍ഗോ ദിവസേന കയറ്റി അയച്ചിരുന്നതാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഓണത്തിന് ഏറ്റവും കൂടുതല്‍ പൂക്കള്‍ കയറ്റുമതി ചെയ്തിരുന്നത് കൊച്ചി,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നാണ്.ജെംബോ ഉള്‍പ്പടെ വിമാനങ്ങളും,കാര്‍ഗോ സ്പെഷല്‍ വിമാനങ്ങളുമാണ് ഓണ സീസണില്‍ കാര്‍ഗോ കൊയ്ത്ത് നടത്താറുളളത്.
ഓണത്തിന് നാടന്‍ പച്ചക്കറികളും കിട്ടാത്ത അവസ്ഥയായി. നാട്ടുപച്ചക്കറികള്‍ വില്ക്കാന് കര്‍ഷകര്‍ തയാറാവുന്നില്ലെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. മുരുങ്ങാക്കായ,പച്ചക്കായ,വെളളരി,പടവലം,കുമ്പളം,മത്തന്‍ നേന്ത്രക്കായ,പച്ചമങ്ങ തുടങ്ങിയവാണ് നിലവില്‍ കയറ്റുമതി ചെയ്യുന്നത്.
ഇവ തമഴ്നാട് ഒട്ടഛത്രം മാര്‍ക്കറ്റില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും എത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് കയറ്റുമതി. കേരളത്തിലെ നിപാ വൈറസും പ്രളയവുമാണ് കാര്‍ഗോയ്ക്ക് കഴിഞ്ഞ വര്‍ഷം തിരിച്ചടിയായതെങ്കില്‍ ഇത്തവണ കോവിഡാണ് വില്ലൻ.