ഒരു വാഹനം ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഉടനെ അത് കേടായാൽ ആർക്കായാലും ദേഷ്യം വരില്ലേ? മിഖായേല്‍ ലിവ്ടിന്‍ എന്ന റഷ്യന്‍ യുട്യൂബർക്കും അതേ തോന്നിയുള്ളൂ. ഒരുമാസം മുന്‍പാണ് മെഴ്സിഡീസിന്റെ എഎംജി ജി ടി 63 എസ് ഇയാള്‍ വാങ്ങുന്നത്.
2.5 കോടി രൂപയാണ് വാഹനത്തിന്റെ വില. വാങ്ങി 40 ദിവസത്തിനിടെ ആറു തവണയാണ് വാഹനം കേടായത്. അഞ്ച് തവണയും ഇയാൾ ഡീലറെ സമീപിച്ച് വാഹനം നന്നാക്കി.
അഞ്ച് തവണയും വാഹനത്തിന്റെ തകരാര്‍ യുട്യൂബിലൂടെ ഇയാള്‍ പങ്കുവച്ചിരുന്നു. ആറാമതും കാര്‍ കേടായപ്പോൾ ഷോറൂമിലെത്തിയെങ്കിലും കാർ നന്നാക്കി നൽകിയില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതോട യുട്യൂബറുടെ നിയന്ത്രണം വിട്ടു.
വയലിന് നടുവിലേക്ക് ഓടിച്ച് കയറ്റിയ കാറില്‍ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ താഴ്ത്തി ഡോര്‍ അടച്ചു. ശേഷം ഡിക്കിയില്‍ സൂക്ഷിച്ച ഇന്ധനമെടുത്ത് പുറത്ത് വച്ചശേഷം കാറിന് വെളിയിലും അകത്തുമായി ഇന്ധനമൊഴിക്കുന്നു.
പിന്നീട് അടുത്തുള്ള അടുപ്പിൽ ഭക്ഷണം തയാറാക്കുന്നു. തയാറാക്കിയ ഭക്ഷണം കഴിച്ചുകൊണ്ടാണ് കാർ കത്തിക്കുന്നത്. കാർ ഏറെക്കുറെ കത്തിയതോടെ മറ്റൊരു കാറിൽ മിഖായേൽ പോകുന്നതും വീഡിയോയിൽ കാണാം.
കാര്‍ കത്തിക്കുന്ന വീഡിയോ യുട്യൂബിലിട്ട് പരസ്യ വരുമാനം കൂട്ടാനുള്ള മിഖായേലിന്റെ വിദ്യയാണോയിതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
അഞ്ച് മില്യൺ സബ്സ്ക്രൈബേഴ്സാണ് മിഖായേലിന്റെ ചാനലിനുള്ളത്. 15 മില്യണിലധികം ആളുകൾ ഇതുവരെ വീഡിയോ കണ്ടു.