കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരു ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. തെള്ളകം, കാരിത്താസ് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായ കാരിത്താസ്-അമ്മഞ്ചേരി റോഡിലെ റെയില്‍വേ ക്രോസിനോട് അനുബന്ധിച്ചുള്ള കാരിത്താസ് ഫ്ലൈഓവറും മേല്‍പ്പാലവും നാളെ തുറന്നു കൊടുക്കും.
നാളെ വൈകുന്നേരം 4.30 കാരിത്താസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എംപി മുഖ്യാതിഥിയായിരിക്കും.
13.60 കോടി രൂപ ചെലവിലാണ് മേല്‍പ്പാലം പൂര്‍ത്തീകരിച്ചത്. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആര്‍ബിഡിസികെയെ ചുമതലപ്പെടുത്തുകയും 2013 ജൂലൈയില്‍ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ 2019 ജനുവരിയിലാണ് പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് 10.8 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചെങ്കിലും ടെണ്ടറില്‍ ആരും പങ്കെടുത്തില്ല. തുടര്‍ന്ന് എസ്റ്റിമേറ്റ് പരിഷ്ക്കരിച്ച് 11.98 കോടി രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചു.
തുടര്‍ന്നു നടന്ന അഞ്ചു ടെണ്ടറുകളിലും ആരും പങ്കെടുത്തില്ല. 2022 ഏപ്രിലില്‍ റീ ടെണ്ടര്‍ ചെയ്തു. 13.60 കോടി രൂപയ്ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണകരാര്‍ എടുത്തത്. 2022 ഡിസംബറില്‍ നിര്‍മാണം ആരംഭിച്ചു. 15 മാസമായിരുന്നു നിര്‍മാണ കാലാവധി.
മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ വലിയ യാത്രാ സൗകര്യമാണ് ഒരുങ്ങുന്നത്. കരിത്താസ് റെയില്‍വേ ലെവല്‍ ക്രോസിന്റെ ഇരുഭാഗങ്ങളിലുമായി കോട്ടയം മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, കാരിത്താസ് ആശുപത്രി, മാതാ ആശുപത്രി, എംജി യൂണിവേഴ്സിറ്റി, മാന്നാനം കെഇ കോളജ്, ബിഎഡ് കോളജ്, കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, അമലഗിരി ബികെ കോളജ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മാന്നാനത്തെ വിശുദ്ധ ചാവറയച്ചന്റെ തീര്‍ഥാടനകേന്ദ്രം, പേരൂര്‍ മര്‍ത്തശ്മൂനി പള്ളി, കുടമാളൂരിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തുടങ്ങി നിരവധി തീര്‍ഥാടനകേന്ദ്രങ്ങളും കപ്പൂച്ചിന്‍ മേജര്‍ സെമിനാരി, നിരവധി ദേവാലയങ്ങള്‍, മോസ്കുകള്‍, പ്രാര്ഥനാലയങ്ങള് തുടങ്ങി നിരവധി സ്ഥാപനങ്ങളുമുണ്ട്. ഈ റൂട്ടിലൂടെ അനവധി യാത്രാബസുകള്‍ സര്‍വീസ് നടത്തുന്നുമുണ്ട്.
കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റ് ആശുപത്രികളിലേക്കും രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കുന്നത് നിത്യസംഭവമായിരുന്നു. ഈ കാത്തുകിടപ്പു മൂലം നിരവധി രോഗികള്‍ മരണപ്പെട്ട ദാരുണ സംഭവങ്ങളുമുണ്ട്.