കോട്ടയം: തെക്കന്‍ കേരളത്തിലെ ആരോഗ്യ സേവനരംഗത്ത് പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയും സ്കൈ എയര്‍ മൊബിലിറ്റിയും ചേര്‍ന്ന് തെക്കന്‍ കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ വഴി മെഡിക്കല്‍ ഡെലിവറി ആരംഭിച്ചു. കോട്ടയം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സേവനം.
ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്ന ഡ്രോണിന് 15 കിലോമീറ്റര്‍ ദൂരംവരെ അഞ്ചു കിലോഗ്രാമോളം ഭാരമുള്ള മെഡിക്കല്‍ സാധനങ്ങള്‍ വഹിക്കാന്‍ കഴിയും. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ സേവനത്തിലൂടെ ആശുപത്രി ലക്ഷ്യമിടുന്നത് ഡെലിവറി സമയം മണിക്കൂറുകളില്‍ നിന്ന് 5-7 മിനിട്ടിലേക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്.
കാരിത്താസ് ആശുപത്രിയില്‍ നടന്ന ചടങ്ങ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി ആദ്യ പരീക്ഷണം എന്ന നിലയില്‍ കാരിത്താസ് ആശുപത്രിയില്‍നിന്ന് കളത്തിപ്പടി കാരിത്താസ് ഫാമിലി ഹോസ്പിറ്റലിലേക്കും കൈപ്പുഴ കാരിത്താസ് കെഎംഎം ഹോസ്പിറ്റലിലേക്കും മരുന്നുകള്‍ എത്തിച്ചു പദ്ധതിക്കു തുടക്കമായി.
സ്കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ചു നടത്തുന്ന പദ്ധതി കോട്ടയത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ വഴിത്തിരിവാകുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കും മറ്റും മരുന്നുകള്‍ , ലാബ് സാമ്പിളുകള്‍, ആരോഗ്യ ഉപകരണങ്ങള്‍ എന്നിവ എത്തിക്കാനും സാധാരണക്കാരുടെ ആരോഗ്യ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും സഹായിക്കുമെന്നും കാരിത്താസ് ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.
ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പരമ്പരാഗത ഗതാഗത രീതികളുമായി ബന്ധപ്പെട്ട കാര്‍ബണ്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുകയും കൂടുതല്‍ സുസ്ഥിരമായ ആരോഗ്യ സംവിധാനത്തിന് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നു. മെഡിക്കല്‍ ഡെലിവറിക്ക് ഡ്രോണുകള്‍ സ്വീകരിക്കുന്നതിലൂടെ ആരോഗ്യ സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള കാരിത്താസ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരും.