തെള്ളകം: കുട്ടികളിൽ അത്യപൂർവമായി കാണപ്പെടുന്ന ഒവേറിയൻ ടോർഷൻ ശസ്ത്രക്രിയയിലൂടെ വിദഗ്ധമായി പരിഹരിച്ചു കാരിത്താസ് ആശുപത്രി. കോട്ടയം പുന്നത്തുറ സ്വദേശിനിയായ നാലര വയസുള്ള പെണ്‍കുഞ്ഞിനാണ് ഇത്തരത്തിൽ പുതുജീവൻ സാധ്യമായത്.
ചികിത്സിച്ചിട്ടും ഭേദമാവാതെ മൂന്നു ദിവസമായിത്തുടരുന്ന കഠിനമായ വയറുവേദനയെത്തുടർന്നാണു പെണ്‍കുട്ടി കാരിത്താസ് ശിശുരോഗ വിഭാഗത്തിലെത്തിയത്. പീഡിട്രിഷ്യൻ ഡോ. സുനു ജോണ്‍ നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ തടിപ്പ് ഉള്ളതായി ശ്രദ്ധയിൽപെട്ടങ്കിലും അതു കുഞ്ഞിനു കഠിന വേദനയ്ക്കു കാരണമാകില്ലെന്നു ബോധ്യപ്പെട്ടു.
തുടർന്നു ഗൈനക്കോളജിസ്റ്റ് ഡോ. കെ.എം. ബാബുവിന്റെ നേതൃത്വത്തിൽ അണ്ഡാശയത്തിന്റെ വിശദമായ സ്കാനിംഗ് നടത്തുകയും ഗുരുതരമായ ഒവേറിയൻ ടോർഷൻ കണ്ടെത്തി കി ഹോൾ ശസ്ത്രക്രിയയിലൂടെ അണ്ഡാശയം അതേപടി നിലനിർത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചു.
അനസ്തേഷ്യോളജിസ്റ്റ്മാരായ ഡോ. ബുൾബുൾ സൂസൻ ജേക്കബ്, ഡോ. ജാസ്മിൻ ജോസഫ് എന്നിവർ സഹായികളായിരുന്നു.
സ്ത്രീകളിൽ അണ്ഡാശയം ചുറ്റുപിണഞ്ഞും അണ്ഡാശയത്തിലേക്കുള്ള രക്തപ്രവാഹം നിലച്ചും അണ്ഡാശയം നശിക്കുകയും അതേത്തുടർന്നുള്ള അണുബാധയെത്തുടർന്ന് രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ഒവേറിയൻ ടോർഷൻ. ചെറിയ പെണ്കുഞ്ഞുങ്ങളിൽ അപൂർവമായേ ഈ രോഗം കാണപ്പെടാറുള്ളൂ.