ഭാര്യമാർക്ക് ആഡംബര യാത്രയൊരുക്കാൻ 175 കോടി രൂപ മുടക്കി 19 റോൾസ് റോയിസ് കാർ വാങ്ങിയ എസ്വാറ്റിനി ഭരണാധികാരിയായ സ്വാറ്റി മൂന്നാമനെതിരേ വൻ പ്രതിഷേധം.
അറുപത്തിമൂന്ന് ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന രാജ്യമാണ് എസ്വാറ്റിനി. ദാരിദ്ര്യം രൂക്ഷമായ രാജ്യത്ത് രാജാവിന്റെ ധൂർത്ത് കടുത്ത പ്രതിഷേധങ്ങളാണ് ഉയർത്തുന്നത്.
പ്രത്യേകം രൂപകൽപ്പന ചെയ്ത 19 റോൾസ് റോയിസ് കള്ളിനൻ എന്ന എസ്യുവിയാണ് വാങ്ങിയത്. സ്വാറ്റി മൂന്നാമന് 15 ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ സ്വാസി രാജകുടുംബത്തിലെ അംഗങ്ങൾക്ക് യാത്ര ചെയ്യാൻ 120 ബിഎംഡബ്ല്യു കാറുകളും അദ്ദേഹം ബുക്കുചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 23 എണ്ണം അദ്ദേഹത്തിന്റെ മക്കൾക്കുവേണ്ടിയാണ് വാങ്ങുന്നത്. എന്നാൽ, അദ്ദേഹം വാഹനം വാങ്ങിയതിനെ അനുകൂലിച്ചാണ് എസ്വാറ്റിനി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
റോൾസ് റോയിസ്, ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങിയത് രാജ്യത്തിന്റെ പോളിസിയുടെ ഭാഗമാണ്. അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്ന വാഹനത്തിന് അഞ്ച് വർഷത്തിലധികം പഴക്കമുണ്ടെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നിലവിൽ ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ സ്വാറ്റി മൂന്നാമൻ രാജാവിനുണ്ട്. 20 മെഴ്സിഡീസ് മേബാക്ക് പുൾമാൻസ്, ഒരു മേബാക്ക് 62, ബിഎംഡബ്ല്യു എക്സ്-6, പ്രൈവറ്റ് ജെറ്റുകൾ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്റെ വാഹനശേഖരം.