തളിപ്പറമ്പ്: മക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന അധ്യാപികയായ യുവതിയെ നിർബന്ധിച്ച് കാറിൽ കയറ്റാൻ ശ്രമിച്ച യുവാവിനെ പോലീസ് തിരയുന്നു. ധർമശാലയ്ക്ക് സമീപം കുഴിച്ചാലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സ്വകാര്യ സ്കൂൾ അധ്യാപികയാണു യുവതി.
കഴിഞ്ഞ ദിവസം വൈകുന്നേരം കുഴിച്ചാലിൽ റോഡരികിലൂടെ നടന്നുപോയ യുവതിയുടെ സമീപത്തു ചുവപ്പു നിറമുള്ള കാർ നിർത്തിയ യുവാവാണ് കാറിൽ കയറാൻ ആവശ്യപ്പെട്ടത്. ഭയന്ന യുവതി പിന്നോട്ട് മാറി. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ കാർ ഓടിച്ചു പോയതായും പറയുന്നു.
പരിഭ്രമത്തിനിടയിൽ കാറിന്റെ നമ്പർ ശ്രദ്ധിക്കാൻ യുവതിക്കും കുട്ടികൾക്കും സാധിച്ചില്ല. വിവരമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് യുവതി തന്നെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
ഇവിടെ ധർമശാലയിലും പരിസരങ്ങളിലുമെല്ലാം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ സ്ഥാപിച്ച സിസിടിവി കാമറകൾ ഉള്ളതിനാൽ ഇവ പരിശോധിച്ചാൽ കാർ കണ്ടത്താൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു. സംഭവം പുറത്തറിഞ്ഞതോടെ പരിസരങ്ങളിൽ ഉള്ളവർ ഭീതിയിലാണ്.