റെൻ
കണ്ണൂർ: ലോണെടുത്ത് വാഹനം വാങ്ങുന്നവരിൽ നിന്നു വാഹനം വാങ്ങി തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റ് സംസ്ഥാനത്ത് സജീവം.
ലോൺ അടയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുന്ന വാഹനം വാടകയ്ക്കും നല്കിയും അടവു മുടക്കിയുമാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സംസ്ഥാനത്ത് നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.
തട്ടിപ്പിന്റെ രീതി ഇങ്ങനെ
ബാങ്കിൽ നിന്നും ലോണെടുത്ത് വണ്ടി വാങ്ങുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ഒഎൽഎക്സ് വഴി ഇത്തരം വാഹനങ്ങൾ വില്പനയ്ക്കായി ഇടുന്പോൾ സംഘം ചുമതലപ്പെടുത്തുന്ന ആൾ വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ സമീപിക്കും.
ലോൺ അടവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരായും. ബാങ്കുകളിൽ അടയ്ക്കാനുള്ള ലോൺ തങ്ങൾ അടയ്ക്കാമെന്ന് പറഞ്ഞാണ് വാഹനം വാങ്ങുന്നത്.
ഇതിനായി വ്യാജമായി തയാറാക്കിയ സെയിലിംഗ് ലെറ്റർ, മുദ്ര പത്രം എന്നിവയിലാണ് ഇടപാടുകൾ നടത്തുന്നത്. കൂടാതെ, ഒപ്പിട്ട വ്യാജ ചെക്കുകളും നല്കും.
വണ്ടി വാങ്ങിയാൽ വാടകയ്ക്കു നല്കും
വണ്ടി വാങ്ങിയാൽ ഉടൻ തന്നെ വണ്ടി മാസ വാടകയ്ക്കു നല്കുകയാണ് സംഘത്തിന്റെ രീതി. അവിടെ നിന്നും വാടക തുക മുൻ കൂറായി വാങ്ങും.
ഇനിയാണ് കാര്യം. വാഹനത്തിന്റെ അടവുകൾ മുടങ്ങുന്പോൾ വാഹനത്തിന്റെ യഥാർഥ ഉടമയുമായി ബാങ്കുകാർ ബന്ധപ്പെടുന്നു.
ഉടൻ, തന്നെ വണ്ടി വിറ്റ ആളുമായി ബന്ധപ്പെടുന്പോൾ മൊബൈൽ സ്വിച്ച് ഓഫ്. അല്ലെങ്കിൽ ഫോൺ വിളിച്ചാൽ എടുക്കില്ല.
വണ്ടി വാങ്ങിയ ആളെ കണ്ടെത്തുന്പോൾ രണ്ട് അടവുകളെങ്കിലും മുടങ്ങും. ഇതിനിടയിൽ, വാടകയ്ക്ക് കൊടുത്തിരിക്കുന്ന വാഹനത്തിന്റെ മാസ വാടക സംഘത്തിന് കൃത്യമായി ലഭിക്കും.
അടവ് തിരിച്ചടയ്ക്കാത്തതിനാൽ എഗ്രീമെന്റ് റദ്ദാക്കി വാഹനവുമായി യഥാർഥ ഉടമ പോകുന്പോൾ ഈ സംഘത്തിന് ഒരു മുതലും മുടക്കാതെ രണ്ടു മാസത്തെ വാടകയും കിട്ടും.
പിന്നെ, മറ്റൊരു വണ്ടിയെ ലക്ഷ്യമാക്കി ഈ സംഘം നീങ്ങുന്നു. ഇതിനിടെ കവർച്ച അടക്കമുള്ള വാഹനങ്ങൾക്ക് ഈ വാഹനം ഉപയോഗിച്ചാലും യഥാർഥ ഉടമകൾ കുടുങ്ങും.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് ഇത്തരം തട്ടിപ്പിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.