മിലാൻ: ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയതിനു തൊട്ടുപിന്നാലെ കാർലോസ് സൈൻസ് ജൂണിയറിന്റെ 5.18 കോടി രൂപ വിലമതിക്കുന്ന വാച്ച് മോഷണം പോയി.
ഏറെ കൊതിച്ചു സ്വന്തമാക്കിയ വാച്ചാണു കവർച്ചചെയ്യപ്പെട്ടത്. മത്സരശേഷം വേദി വിട്ട കാർലോസിനെ പിന്തുടർന്ന മോഷ്ടാക്കൾ ഒരു ഹോട്ടലിന് സമീപം വച്ച് അദ്ദേഹത്തിന്റെ ബാഗിൽനിന്നു വാച്ച് മോഷ്ടിക്കുകയായിരുന്നു.
മോഷണം ശ്രദ്ധയിൽപ്പെട്ട ഉടൻ കാർലോസും അദ്ദേഹത്തിന്റെ പരിശീലകനും ചേർന്നു മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തി. മോഷ്ടാക്കൾ അധികദൂരം പോകുംമുൻപേ അവരെ ചെയ്സ് ചെയ്തു കണ്ടെത്തുകയും വാച്ച് തിരിച്ചു വാങ്ങുകയുംചെയ്തു.
കള്ളന്മാരെ പിടികൂടി പോലീസിലും ഏൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർലോസ് തന്നെ എക്സ് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയായിരുന്നു. കള്ളന്മാരെ പിടികൂടാൻ സഹായിച്ചവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.