കോൽക്കത്ത: ലോക ഒന്നാം നന്പർ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസണ് ഇന്ത്യയിലേക്കു വരുന്നു. നവംബർ 13 മുതൽ 17 വരെ കോൽക്കത്തയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യയിലാണ് കാൾസണ് പങ്കെടുക്കുക.
ഇതോടെ ടൂർണമെന്റ് കൂടുതൽ ആകർഷകത്വം നേടും. ടൂർണമെന്റിൽ രണ്ടാം തവണയാണ് നോർവീജിയൻ താരം പങ്കെടുക്കുന്നത്. 2019ലെത്തിയ താരം ചാന്പ്യൻഷിപ്പുമായാണ് മടങ്ങിയത്.
ഇന്ത്യയിൽനിന്ന് ചെസ് ഒളിന്പ്യാഡിൽ സുവർണ നേട്ടം കൈവരിച്ച ടീമിലുണ്ടായിരുന്ന അർജുൻ എറിഗൈസി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ പങ്കെടുക്കുന്നുണ്ട്. മലയാളി താരം നിഹാൽ സരിനും എസ്. എൽ. നാരായണനുമാണ് ഓപ്പണ്‍ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യക്കാർ.
കഴിഞ്ഞ പതിപ്പുകൾ പോലെ ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായി റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റിലാകും മത്സരങ്ങൾ. രണ്ടു വിഭാഗത്തിലും തുല്യ സമ്മാനത്തുകയാണ് നല്‍കുക.
വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ കൊനേരു ഹംപി, ആർ. വൈശാലി, ഡി. ഹാരിക, ദിവ്യ ദേശ്മുഖ്, വാന്തിക അഗർവാൾ എന്നിവർ പങ്കെടുക്കും.
ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വാനാഥൻ ആനന്ദ് ആണ് ടൂർണമെന്റിന്റെ അംബാസഡർ.