ഒരു ജിമിക്കി കമ്മലിനെക്കൊണ്ടു തോറ്റു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. എവിടെത്തിരിഞ്ഞാലും ജിമിക്കി കമ്മല്‍ ഡാന്‍സ് തന്നെ.വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന് ഈണമിട്ട പാട്ടാണ് ജിമ്മിക്കി കമ്മല്‍. അനില്‍ പനച്ചൂരാന്റെ വരികള്‍ പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്. ഇപ്പോള്‍ ഒരു ഡാന്‍സ് കളിക്കാന്‍ ആവശ്യപ്പെട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ യുവസുന്ദരിമാരെല്ലാം ജിമിക്കി കമ്മല്‍ കളിക്കുകയാണ്. നാള്‍ക്കുനാള്‍ ജിമിക്കി കമ്മലിന്റെ വീഡിയോകള്‍ യൂട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്.
യുട്യൂബ് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരരായ നിക്കോളിന്റെയും സൊണാലിന്റെയും ജിമ്മിക്കി കമ്മല്‍ ഡാന്‍സാണ് ഇക്കൂട്ടത്തില്‍ യുട്യൂബിലെ ഏറ്റവും പുതിയ ട്രെന്‍ഡ്. അതുമാത്രമല്ല കളിച്ച് കളിച്ച് മുംബൈക്കാരായ ഈ നര്‍ത്തകിമാര്‍ ഒരു മലയാളം സിനിമയില്‍ ഡാന്‍സ് ചെയ്യാന്‍ പോകുകയാണ്. മിഥുന് മാനുവേലിന്റെ ആട് രണ്ടാം ഭാഗത്തിലാണ് ഈ സുന്ദരിമാരുടെ ഡാന്സുളളത്. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
മുമ്പും ഇവരുടെ ഡാന്‍സ് വീഡിയോകള്‍ തരംഗമായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി നൃത്തത്തെ കുറിച്ച് ക്ലാസും എടുക്കുന്നുണ്ട് ഇവര്‍. കൊറിയോഗ്രാഫിയും ഡാന്‍സ് സ്കൂളുമൊക്കെ സജീവമാണിവര്‍. നൃത്തത്തോടുള്ള പ്രിയം ലോകത്ത അറിയിക്കാനാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഹോളിവുഡ്, ഹിപ് ഹോപ്, ബെല്ലി ഡാന്‍സ് എന്നു തുടങ്ങി ഒരു കൂട്ടം വ്യത്യസ്തമായ നൃത്ത വിഡിയോകളാണ് ഈ ചാനലിലുള്ളത്. എന്തായാലും ജിമ്മിക്കി കമ്മല്‍ കളിച്ച് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്തരായെന്നു മാത്രമല്ല സിനിമയില്‍ അവസരവും ഇവരെ തേടിയെത്തി. ആട് രണ്ടാം ഭാഗത്തിന്റെയും സംഗീതം ഷാന്‍ റഹ്മാനാണ്.