കാരറ്റ് ചേർത്ത വിഭവങ്ങൾ ശീലമാക്കുന്നതു ശ്വാസകോശം, കുടൽ, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർസാധ്യത കുറയ്ക്കുന്നതിനു സഹായകമെന്നു പഠന റിപ്പോർട്ട്.
‘പതിവായി കാരറ്റ് കഴിക്കണമെന്നു തന്നെ മോഹം. പക്ഷേ അതിർത്തികടന്നുവരുന്നതു വിഷംകലർന്ന പച്ചക്കറികളാണെന്നു കേൾക്കുന്പോൾ വല്ലാത്തൊരു ചങ്കിടിപ്പ്…’ കാരറ്റ് ഉൾപ്പെടെയുളള പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യത്തിൻറെ പശ്ചാത്തലത്തിൽ സമൂഹത്തിൻറെ ചിന്ത ഈ മട്ടിലാണ്.
ശുദ്ധമായ പച്ചക്കറി വേണമെങ്കിൽ വീട്ടുപറന്പിലോ മട്ടുപ്പാവിലോ ജൈവപച്ചക്കറി കൃഷി തുടങ്ങണം. പക്ഷേ, കാരറ്റ് പോലെ ചില പച്ചക്കറികൾ കേരളത്തിൽ എല്ലായിടത്തും വിളയില്ല. അപ്പോൾ വിപണിയെ ആശ്രയിക്കേണ്ടിവരും. മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ പുളിവെളളത്തിലോ കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിലോ ഒരു മണിക്കൂർ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി പാചകത്തിന് ഉപയോഗിക്കുക. കീടനാശിനി ഉൾപ്പെടെയുളള വിഷമാലിന്യങ്ങൾ ഒരു പരിധിവരെ നീക്കുന്നതിന് അതു സഹായകമെന്നു വിദഗ്ധർ.