വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് ഒരു കാരറ്റ് വിപ്ലവം! ആവണി ജെഎല്‍ജി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മയുടെ ആശയം മുന്നോട്ടുവച്ച കാരറ്റ് കൃഷി വിജയകരമായി പൂര്‍ത്തിയായി. കോട്ടയത്തുനിന്ന് കൊണ്ടുവന്ന തൈകള്‍ മാവനാല്‍ ഭാഗത്ത് പത്തു വര്‍ഷത്തോളം തരിശുകിടന്ന സ്ഥലത്ത് നട്ടുപിടിപ്പിച്ചു. ജൂണില്‍ നട്ട തൈകള്‍ ഒക്ടോബറില്‍ വിളവെടുപ്പിനു പാകമായി.
പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കൃഷി നടത്തിയത്. കാരറ്റ് കൃഷിയോടൊപ്പം നിലക്കടലയും കൃഷി ചെയ്തു. വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് വിളഞ്ഞത് കാരറ്റല്ല, പ്രതീക്ഷയാണന്ന് ആവണി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മ പറഞ്ഞു.
സ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച ഈ വിജയം, മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. തരിശുഭൂമി ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു.
ഈ വിജയത്തിലൂടെ ശാസ്ത്രീയമായും കഠിനാധ്വാനത്തിലൂടെയും ഏത് വിളയും നമ്മുടെ ഭൂമിയില്‍ കൃഷി ചെയ്ത് വിളിയിക്കാമെന്ന് കൃഷി ഓഫീസര്‍ കെ. എസ്. സന്ദീപ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ആര്. രമേഷ് കുമാര്‍ അധ്യഷനായി.പഞ്ചായത്ത് അംഗങ്ങളായ അനില്‍ ജോര്‍ജ്, എസ്. സുഷമ, സിഡിഎസ് ചെയര്‍പേഴ്സൺ എം.കെ. സുധര്‍മ, കൃഷി ഓഫീസര്‍ കെ.എസ്.സന്ദീപ് കുമാര്‍, ജോയിന്റ് ബിഡിഒ വിജേഷ്, എസ്.സജീവ്, ജെറീന, ദീപാ ഗോപാലന്, സുഭദ്രാമ്മ എന്നിവര്‍ പ്രസംഗിച്ചു.