നൊമിനിറ്റ ജോസ്
കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സംസ്ഥാനത്തെ കാര്‍ വിപണി വീണ്ടും ജീവന് വയ്ക്കുന്നു. പൊതുഗതാഗതത്തിന്റെ ചെലവു വര്‍ധിച്ചതും കോവിഡ് ഭീതി മൂലം പൊതുഗതാഗതം ഒഴിവാക്കി സ്വന്തം വാഹനങ്ങള്‍ യാത്രയ്ക്കായി ആളുകള്‍ തെരഞ്ഞെടുക്കുന്നതും വിപണിക്ക് ഉണര്‍വേകുന്നുണ്ടെന്ന് ഡീലര്‍മാര്‍ അഭിപ്രായപ്പെട്ടു.
ചെറുകാറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.ആദ്യമായി കാര്‍ വാങ്ങുന്നവർ കൂടാതെ നിലവിലുള്ളതിനൊപ്പം രണ്ടാമതും കാർ വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. അന്വേഷണങ്ങള്‍ക്കായി ഷോറൂമിലെത്തുന്നവരില് അധികവും വാഹനം വാങ്ങാനുറച്ച് എത്തുന്നവരാണ്.
അതുകൊണ്ട് അന്വേഷണങ്ങള്‍ വില്പനയിലേക്കു മാറുന്നതു വര്‍ധിച്ചിട്ടുണ്ട്. കാര്‍ എന്നത് ആഢംബരത്തില്‍നിന്നും അത്യാവശ്യത്തിലേക്കു മാറിയിട്ടുണ്ടെന്നും പോപ്പുലര്‍ ഹ്യുണ്ടായ് സെയില്‍സ് ജനറല്‍ മാനേജര്‍ ബി. ബിജു പറയുന്നു. വാഹനങ്ങള്‍ വാങ്ങുന്ന വനിതകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ഓട്ടോമാറ്റിക് മോഡലുകളോടാണ് താല്പര്യം. പ്രവാസികളുടെ മടങ്ങി വരവും കാര്‍ വിപണിക്ക് നേട്ടമാകുമെന്നു തന്നെയാണ് വിപണി പ്രതീക്ഷ. ലോക്ക് ഡൗണിനു ശേഷം ബജറ്റിലൊതുങ്ങുന്ന വാഹനങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ വര്‍ധിച്ചുവെന്നു മാരുതി ഡീലര്‍മാര്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ വഴിയുള്ള അന്വേഷണങ്ങളും ബുക്കിംഗുമൊക്കെ ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ഇഎംഐ ഇളവുകളും മഴക്കാലം അടുത്തതും കാര്‍ വാങ്ങലിനു കാരണമാകുന്നുണ്ടെന്നു നിപ്പോണ്‍ ടൊയോട്ട സെയില്‍സ് ആന്‍്ഡ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എല്‍ദോ ബെഞ്ചമിന്‍ പറയുന്നു.
ഫിനാന്‍സ് കന്പനികളും വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി പുതിയ സ്കീമുകള്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തെ മാസങ്ങളില്‍ കുറഞ്ഞ തുക ഇഎംഐ നല്‍കിയോ ആദ്യത്തെ ഒരു വര്‍ഷം കുറഞ്ഞ തുക ഇഎംഐ നല്‍കിയോ വാഹനം വാങ്ങാനുള്ള വായപ സ്കീമുകളുമുണ്ട്.
നിലവിലുള്ള 28 മുതല്‍ 40 ശതമാനം വാഹന ജിഎസ്ടിയില്‍ ഇളവുകള്‍ വരുത്തിയാല്‍ ഈ മേഖലയ്ക്ക് കൂടുതല്‍ നേട്ടമാകുമെന്നും വിപണി വൃത്തങ്ങള്‍ പറഞ്ഞു.