ലം മാറുന്നു, പരിസ്ഥിതിചിന്തകളും. ലോകമെന്പാടുമുള്ള ഒാട്ടോമൊബെെൽ വ്യവസായവും ഇതിനു ചുക്കാൻ പിടിക്കുകയാണ്.
ഇന്നു നിരത്തിലിറങ്ങുന്ന ഇലക്ട്രിക് കാറുകൾ ഇതിന് ഉദാഹരണം. ഒരു കാലത്ത് റോഡുകളിൽ രാജാവായി വിലസിയിരുന്ന അംബാസിഡറും പ്രീമിയർ പത്മിനിയും ഇന്ന് ഒാർമയിൽ മാത്രം.
പെട്രോൾ – ഡീസൽ കാറുകളുടെ എണ്ണവും പതിയെ കുറഞ്ഞു തുടങ്ങി. പകരം സാക്ഷാൽ ഹൈബ്രിഡ് കാറുകളും ഇലക്ട്രിക് കാറുകളുമെത്തും.
വായു മലിനീകരണം നിയന്ത്രിക്കാനും ഉൗർജ സുരക്ഷ വർധിപ്പിക്കാനും കാലാവസ്ഥ ആഘാതം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങൾക്കു കഴിയുമെന്നതാണ് ഇവയുടെ മേന്മ.
2030 ഓടെ കാർബണ് ഉദ്യമനം 37 ശതമാനം കുറയ്ക്കാനും പെട്രോൾ – ഡീസൽ ചെലവ് 6000 കോടി ഡോളർ വീതം കുറയ്ക്കാനും ഇൗ മാറ്റം ഇടയാക്കും.
നമ്മുടെ രാജ്യത്തിന് ഏതാണ്ട് 20 ലക്ഷം കോടി ലാഭം ഇലക്ട്രിക് വാഹനങ്ങൾ നേടിത്തരുമെന്നു നീതി ആയോഗും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സും സാക്ഷ്യപ്പെടുത്തുന്നു.
മോഷണം പോയാൽ ഇൗ വണ്ടി അനങ്ങില്ല…
ഇനി വാഹനമോഷ്ടാക്കളെ പേടിച്ചിരിക്കേണ്ട. ആ കാലം കടന്നുപോകുന്നു. മോഷണം പോയാൽ വണ്ടി അനങ്ങാത്ത സ്റ്റോളൻ വെഹിക്കിൾ അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണു വാഹനമോഷ്ടാക്കൾക്കു പൂട്ടിടുന്നത്.
മൊബൈൽ ആപ്പ് വഴി അടയ്ക്കാനും തുറക്കാനും പറ്റുന്ന ഡോറുകളും 360 ഡിഗ്രി റിമോട്ട് കാമറയുമായാണ് ഇൗ പുത്തൻ സാങ്കേതിക വിദ്യയുടെ വരവ്. ഫിയറ്റ് കൈസ്ലർ ഓട്ടോ മോബൈൽസിന്റെ പുതിയ ജീപ്പ് കോംപസ് എസ്യുവി ഉൾപ്പെടെയുള്ളവയിലാണ് സാങ്കേതിക വിദ്യ ഒരുങ്ങുന്നത്.
സ്റ്റോളൻ വെഹിക്കിൾ അസിസ്റ്റന്റുമായി വരാനിരിക്കുന്ന കോംപസിന്റെ സവിശേഷതകളിൽ എക്സ്റ്റീരിയർ സ്റ്റൈലിംഗ്, മനോഹരമായ ഇന്റീരിയർ, മികച്ച പ്രവർത്തനക്ഷമത എന്നിവയും ഉൾപ്പെടുന്നു.
വയർലെസ് ചാർജിംഗ് സ്പോട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 10.25 ഡിജിറ്റൽ ഡിസ്പ്ലേ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ എന്നിവയും കോംപസിന്റെ മോടി കൂട്ടുന്നു.
ആപ്പിളും ഹുണ്ടായിയും ഒന്നിക്കുന്പോൾ
ടെക് ഭീമന്മാരായ ആപ്പിളും വാഹന വ്യവസായത്തിലെ അതികായരായ ഹുണ്ടായിയും കൈകോർക്കുന്പോൾ കാത്തിരിക്കുന്നതു വലിയ ഒരു അവതരണത്തിനാണ്.
ഡ്രൈവറില്ലാതെ ഓടാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനായാണ് ഇരുകന്പനികളും സഹകരിക്കുന്നതെന്നാണു റിപ്പോർട്ട്. കൊറിയൻ മാധ്യമമായ ഐടി ന്യൂസാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2024 ന്റെ തുടക്കത്തിൽ വാഹനത്തിന്റെ നിർമാണം ആരംഭിക്കും. 2027 ഓടെ ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കാനാണു ശ്രമം. വാർത്ത പുറത്തുവന്നതോടെ ഹുണ്ടായിയുടെ ഓഹരിമൂല്യം 20 ശതമാനം ഉയർന്നിട്ടുണ്ട്.
അതേസമയം, ആപ്പിൾ കാറിന്റെ ബീറ്റ വേർഷൻ ഹുണ്ടായിയും ആപ്പിളും അടുത്ത വർഷം അവതരിപ്പിക്കുമെന്നാണു സൂചന. എന്നാൽ, ഇത് ആപ്പിൾ അധികൃതരോ ഹുണ്ടായി മോട്ടോഴ്സോ സ്ഥിരീകരിച്ചിട്ടില്ല.
മഹീന്ദ്രയുടെ ആറ്റം
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോർ വീലറുമായി വരികയാണു മഹീന്ദ്ര. ആറ്റം എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് ഏകദേശം മൂന്നുലക്ഷമാണു വില. കാറുകളുടെ ശ്രേണിയിലല്ല, പകരം ക്വാഡ്രിസൈക്കിൾ എന്ന വിഭാഗത്തിലാണു വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്.
ഇന്ത്യയിൽ പുതുതായി അനുവദിച്ചിട്ടുള്ള വാഹന സെഗ്മെന്റാണു ക്വാഡ്രിസൈക്കിൾ. നിലവിൽ ബജാജിൽനിന്നും ബജാജ് ക്യൂട്ട് എന്ന വാഹനം ഇതിനുമുന്പ് ഇൗ ശ്രേണിയിലെത്തിയിരുന്നു. ഇതിൽ 217 സിസി സിംഗിൾ സിലിൻഡർ എൻജിനായി
രുന്നു ഉപയോഗിച്ചിരുന്നത്. പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ പുറത്തിറങ്ങിയ ഈ വാഹനം ലിറ്ററിനു 35 കിലോമീറ്റർ ഇന്ധനക്ഷമതയാണു വാഗ്ദാനം ചെയ്തത്.
ഈ വിഭാഗത്തിലേക്കു വരുന്ന ആദ്യ ഇലക്ട്രിക് വാഹനമാണു മഹീന്ദ്ര ആറ്റം. കാറുകളേക്കാൾ ചെറുതും ഓട്ടോറിക്ഷയെക്കാൾ വലുപ്പമുള്ളതായിരിക്കും ഇവ. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്കു സഞ്ചരിക്കാനാകും.
50 – 60 കിലോമീറ്റർ വേഗവും. നാലു മണിക്കൂർകൊണ്ട് വാഹനം ഫുൾ ചാർജിംഗാവും. ഒരിക്കൽ ഫുൾ ചാർജ്് ചെയ്തു കഴിഞ്ഞാൽ 70 കിലോമീറ്റർ ഓടിക്കാം.
പ്രവീഗ് എക്സ്റ്റിംഗ്ഷൻ എംകെ വൺ
ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ആഡംബര കാറുമായെത്തുകയാണു ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പ്. പ്രവീഗ് എന്ന ഇന്ത്യൻ കന്പനിയാണ് എക്സ്റ്റിംഗ്ഷൻ എംകെ വൺ എന്ന പേരിൽ പ്രീമിയം ഇലക്ട്രിക് കാർ വിപണിയിലെത്തിക്കുന്നത്.
ഡിസംബർ നാലിനു വാഹനം അവതരിപ്പിക്കുമെന്നാണു സൂചന. സിദ്ധാർഥ് ബാഗ്രി, ധവാൽ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കന്പനിയാണു പ്രവീഗ്.
ഒറ്റത്തവണ ചാർജ് ചെയ്താൽ 504 കിലോമീറ്റർ സഞ്ചരിക്കാം. 5.4 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 196 കിലോമീറ്റർ. 150 കിലോവാട്ട് പവറും 2400 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ഇതിലെ മോട്ടോർ ഉത്പാദിപ്പിക്കുന്നത്.
30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. അമേരിക്കൻ വാഹന നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്സ് വിപണിയിൽ എത്തിച്ചിട്ടുള്ള ലൂസിഡ് എയർ എന്ന വാഹനവുമായി കാഴ്ചയിൽ സാമ്യമുള്ള മോഡലായിരിക്കും എക്സ്റ്റിംഗ്ഷൻ എംകെ വൺ.